ചാംപ്യൻസ് ട്രോഫി വിജയത്തിനു പിന്നാലെ ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ പാക്കിസ്ഥാനു മെച്ചം. എട്ടാമതായിരുന്ന ടീം ഇന്നലെ പ്രഖ്യാപിച്ച പുതിയ റാങ്കിങ്ങിൽ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി. ശ്രീലങ്കയും ബംഗ്ലദേശും പാക്കിസ്ഥാനു പിന്നിലായി. ഇതോടെ, 2019 ലോകകപ്പിനു പാക്കിസ്ഥാൻ നേരിട്ടു യോഗ്യത നേടാനുള്ള സാധ്യതയുമായി. സെപ്റ്റംബർ 30ലെ റാങ്കിങ് അനുസരിച്ച് ആദ്യ ഏഴു സ്ഥാനക്കാർക്കാണു ലോകകപ്പിനു നേരിട്ടു യോഗ്യത.
ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ, സെമിയിൽ ഇംഗ്ലണ്ട് എന്നീ മുൻനിര ടീമുകൾക്കെതിരെ നേടിയ വിജയമാണു റാങ്കിങ്ങിൽ പാക്കിസ്ഥാനു ഗുണമായത്. റാങ്കിങ്ങിൽ മറ്റു മാറ്റങ്ങളില്ല. ചാംപ്യൻസ് ട്രോഫിയിൽ 13 വിക്കറ്റുകൾ നേടിയ പാക്ക് ബോളർ ഹസൻ അലി ഏഴാം സ്ഥാനത്തെത്തി. ഫൈനലിലെ വിജയശിൽപി ഫഖാർ സമാൻ ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ 58 സ്ഥാനങ്ങൾ മുന്നേറി 97–ാം റാങ്കിലെത്തി. ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽ രോഹിത് ശർമ പത്താം സ്ഥാനത്തെത്തി.