ലൈറ്റ്ഹൗസ് ബീച്ചിൽ പുതിയ ഇൻഫർമേഷൻ സെന്ററും ടോയ്‌ലറ്റ് ബ്ലോക്കും
തീരഭംഗിക്കു മോടികൂട്ടാനായി ഗോവൻ മാതൃകയിലുള്ള കെട്ടിടങ്ങളുമായി സമുദ്ര ബീച്ച് പാർക്ക് മുഖംമിനുക്കുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള ജില്ലാ ടൂറിസം െപ്രാമോഷൻ കൗൺസിലിന്റെ പദ്ധതികളുടെ ഭാഗമായാണ് സമുദ്ര ബീച്ച് പാർക്കും കോവളത്തെ ലൈറ്റ് ഹൗസ് ബീച്ചും നവീകരിക്കുന്നത്.
കോവളം ലൈറ്റ് ഹൗസ്, ഗ്രോവ് ബീച്ചുകളിൽ ടൂറിസംവകുപ്പിന്റെ ശ്രദ്ധയെത്താറുണ്ടെങ്കിലും സമുദ്ര ബീച്ചിനോട് അവഗണനയാണ് തുടർന്നുവരുന്നത്. ബീച്ചിലെ പാർക്കും പുൽത്തകിടിയും ടൂറിസം വകുപ്പിന്റെ കെട്ടിടങ്ങളുമെല്ലാം നാശത്തിലായിരുന്നു.
പാർക്കിന് പുതുജീവൻ നൽകാൻ പ്രത്യേക കമ്മിറ്റി കൂടാനാണ് തീരുമാനം. സർക്കാർതലത്തിൽ കമ്മിറ്റി രൂപവത്‌കരിച്ച് താത്പര്യപത്രം ക്ഷണിച്ച് മാസവാടകയിനത്തിൽ പാർക്കിന്റെ നടത്തിപ്പ് സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കും. ഇതിനുള്ള ആലോചന തുടങ്ങിയിട്ടുണ്ടെന്നും പൊതു അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച് പദ്ധതി തയ്യാറാക്കുമെന്നും അധികൃതർ പറഞ്ഞു.
നാലുവർഷം മുൻപ് പാർക്കിന്റെയും അനുബന്ധസൗകര്യങ്ങളുടെയും നവീകരണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ സമുദ്ര ബീച്ചിൽ വൈദ്യുതി ലഭ്യമാക്കാത്തതും അധികൃതർ തിരിഞ്ഞുനോക്കാത്തതും ശോച്യാവസ്ഥയ്ക്കു കാരണമായി.
സമുദ്ര ബീച്ച് നവീകരണത്തോടൊപ്പം കോവളത്തെ ലൈറ്റ് ഹൗസ് ബീച്ചിലും വികസനപദ്ധതികൾ വരും. ലൈറ്റ് ഹൗസ് ബീച്ചിനു സമീപത്ത് പുതിയ ഇൻഫർമേഷൻ സെന്ററും ആധുനിക സംവിധാനത്തോടെയുള്ള ഇ-ടോയ്‌ലറ്റുകളും പണിയും. നിലവിൽ പാലസ് ജങ്ഷനിൽ മാത്രമേ ടൂറിസം ഇൻഫർമേഷൻ സെന്ററും ടോയ്‌ലറ്റ് സംവിധാനവും ഉള്ളൂ. സഞ്ചാരികളുടെ ആവശ്യം പരിഗണിച്ചാണ് ലൈറ്റ് ഹൗസിനു സമീപത്ത് പുതുതായി ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കാൻ ആലോചിക്കുന്നതെന്നും അടുത്ത ടൂറിസം സീസണിനു മുൻപായി ഇവ സജ്ജമാക്കുമെന്നും അധികൃതർ പറഞ്ഞു.