യാത്രകളോരോന്നും ചരിത്രത്തിലേക്കുള്ള നമ്മുടെ സഞ്ചാരങ്ങളാണ്.
ഓരോ ദേശത്തിനും കാലത്തിനും നമ്മോടു സംവേദിക്കുവാൻ ഒരുപാടുണ്ടാവും, കേൾക്കാൻ നമ്മൾ ചെവി കൂർപ്പിക്കുമെങ്കിൽ. ഒൻപതാം നൂറ്റാണ്ടിനു മുൻപ് നിര്മിക്കപ്പെട്ടിരുന്നു എന്ന് വിശ്വസിക്കുന്ന ഒരു ചരിത്ര സ്മാരക സൗധത്തിലേക്കാണ് ഇന്ന് എൻ്റെ യാത്ര . കന്യാകുമാരി ജില്ലയിൽ നാഗർ കോവിലിനടുത്തു മാർത്താണ്ഡം എന്ന ചെറു പട്ടണത്തിൽ നിന്നും ഏഴു കിലോമീറ്റര് അകലെ ചിതറാൽ എന്ന ഗ്രാമത്തിലുള്ള ജൈന ക്ഷേത്രം.
ബി സി മൂന്നാം നൂറ്റാണ്ടിൽ ചന്ദ്ര ഗുപ്ത മറൗര്യന്റെ കാലഘട്ടം മുതൽ കേരളത്തിൽ ജൈന മതം പ്രചാരത്തിലുണ്ടായിരുന്നു എന്ന് കരുതുന്നു. കർണാടകത്തിലെ ശ്രാവണ ബാലഗോള ജൈന മതത്തിന്റെ ശക്തികേന്ദ്രമായിരുന്നു . അവിടെ നിന്നും ജൈന മതത്തിന്റെ പ്രചരണത്തിനായി അനേകം മിഷനറിമാരെ കേരളത്തിലേക്ക് അയച്ചിരുന്നു അങ്ങനെ കേരളത്തിലും ജൈനമതം ഏറെ പ്രചരിക്കപ്പെട്ടിരുന്നു എന്ന് അനുമാനിക്കാം. പ്രശസ്തമായ പാലക്കാട് ആലത്തൂരിലെ ജൈന ക്ഷേത്രവും പെരുമ്പാവൂരിനടുത്തുള്ള കല്ലിൽ ക്ഷേത്രവും ഇതിനുദാഹരണങ്ങളാണ്. കേരളത്തിന്റെ വാസ്തു കലാ വൈവിധ്യങ്ങളിൽ ജൈന കലയുടെ സംഭാവനകൾ വിവിസ്മരിക്കാവുന്നതല്ല. ബുദ്ധ വാസ്തു വിദ്യയോട് സാദൃശ്യമുണ്ടെങ്കിലും സവിശേഷമായ ഒരു ശൈലി ജൈന വസ്തു കലകൾക്കുണ്ടായിരുന്നു .” അനശ്വരതയുടെ പർവതങ്ങൾ ” നമ്മളെ ആകർഷിക്കുന്നതും അത് കൊണ്ട് തന്നെ.
തിരുവനന്തപുരം വഴിയാണ് യാത്ര എങ്കിൽ കന്യാകുമാരി റൂട്ടിൽ നെയ്യാറ്റിൻകര , പാറശാല പിന്നിട്ടു കേരളാ തമിഴ്‌നാട് അതിർത്തി പ്രദേശമായ കളിയിക്കാവിള കഴിഞ്ഞു 4 കിലോമീറ്റര് പിന്നിടുമ്പോൾ കുഴിത്തുറ ജംക്ഷൻ എത്തും. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞു 9 കിലോമീറ്റര് സഞ്ചരിച്ചാൽ ചിതറാൽ ജൈന ക്ഷേത്രത്തിൽ എത്താം.
ക്ഷേത്രത്തിലോട്ടു തിരിയുന്ന വഴിയിൽ ഒരു കമാനം ഉണ്ട് . അതിൽ പക്ഷെ ഭഗവതി ക്ഷേത്രം എന്നാണ് എഴുതിയിരിക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക ജൈന ക്ഷേത്രങ്ങളും ഹിന്ദു ക്ഷേത്രങ്ങളായി പരിണമിച്ചു കഴിഞ്ഞു . ഇവിടെയും സ്ഥിതി വ്യത്യസ്തമല്ലെന്നു തോന്നുന്നു.തിരുച്ചനാട്ടു മലയിൽ സ്ഥിതി ചെയ്യുന്ന ഈ ജൈന ക്ഷേത്രം ചിതറാൽ മല ക്ഷേത്രം എന്നും ചിതറാൽ ഗുഹാ ക്ഷേത്രം എന്നും ഭഗവതി ക്ഷേത്രം എന്നുമൊക്കെ അറിയപ്പെടുന്നു. ചോക്കംതൂങ്ങി മലയെന്നാണ് ഗ്രാമവാസികൾക്കിടയിൽ ഈ മല അറിയപ്പെടുന്നത് “മലൈ കോവിൽ’ ലേക്ക് പ്രവേശിക്കുന്നതിന്റെ ഇടതു വശത്തായി പാർക്കിംഗ് സൗകര്യം ഉണ്ട് . ഒരു ചെറിയ ഗ്രാമ പ്രദേശം ആണ് ചിതറാൽ. ക്ഷേത്ര പ്രവേശന കവാടത്തിന്റെ മുമ്പിൽ റോഡിനു എതിർ വശത്തായി ഒരു കടയുണ്ട്. പ്രവേശന സമയം ഗേറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്നു. 8 മണി മുതൽ 5 മണി വരെ ആണ് സമയം. ഇപ്പോൾ സമയം 6.30 കഴിഞ്ഞതേ ഉള്ളു , ഏപ്രിൽ മാസമായതു കൊണ്ടാവണം നല്ല വെളിച്ചമുണ്ട് . ഞാൻ ഗേറ്റിന്റെ വശത്തു കൂടി അകത്തേക്ക് കടന്നു. വഴിയിൽ കരിങ്കല്ലുകൾ പാകി നല്ല വൃത്തിയുള്ള നടപ്പാത നിർമിച്ചിരിക്കുന്നു. ഇരുവശവും ചെറിയ മരങ്ങൾ. പറങ്കി മാവാണ് അധികവും. ഇടയ്ക്കിടെ കല്ലുകൾ ചെത്തി ഉണ്ടാക്കിയ ഇരിപ്പിടങ്ങൾ. മരങ്ങളുടെ തണൽ ഉള്ളത് കൊണ്ട് ചൂട് അറിയുന്നില്ല. മുകളിലോട്ടു കയറുന്തോറും തണുത്ത കാറ്റ് അനുഭവപെട്ടു തുടങ്ങി. നടപ്പാതയുടെ ഒരു വശം പാറക്കൂട്ടങ്ങളാണ്. ചെറിയ സാഹസികത ഇഷ്ടമുള്ളവർക്ക് പാറയിൽ കൂടി കയറിയാൽ ഈ നടപ്പാത ഒഴിവാക്കാം. ഇന്നത്തെ ആദ്യത്തെ സന്ദർശകൻ ഞാൻ ആണെന്ന് തോന്നുന്നു. ആരെയും കാണാനില്ല 500 മീറ്റർ നടന്നു കഴിയുമ്പോൾ വഴി രണ്ടാകും. ഇടത്തേയ്ക്കുളളത് കുട്ടികൾക്കുള്ള ചെറിയൊരു പാർക്കും അത് കഴിഞ്ഞാൽ പാറക്കൂട്ടങ്ങളുമാണ്. അവിടെ നിന്നുള്ള കാഴ്ച മനോഹരമാണ്. ചുറ്റും പ്രകൃതി പച്ചപ്പണിഞ്ഞു നില്കുന്നു.അകലെയായി ഒരു പട്ടണം കാണാം. മാർത്താണ്ഡം എന്ന പട്ടണമാണത്.
വലത്തേക്കുള്ള നടപ്പാത വഴി മുന്നോട്ടു നടക്കുമ്പോൾ ക്ഷേത്രത്തിന്റെ ഗോപുരം ദൃശ്യമായി തുടങ്ങി. പാറക്കൂട്ടങ്ങൾക്കു മുകളിൽ എടുത്തു വച്ചതു പോലെ ഗോപുരം. വെളുത്തു ചായം പൂശി നിൽക്കുന്ന ഗോപുരത്തിൽ പഴക്കത്തിന്റേതായ ചെറിയ ശേഷിപ്പുകൾ കാണാം. നടപ്പാത ചെന്ന് നിൽക്കുന്നത് ഒരു ആലിന്റെ ചുവട്ടിലേക്കാണ്. അവിടെ ചെത്തി മിനുക്കിയ കല്ലുകള്കൊണ്ടുള്ള ബെഞ്ചുകൾ സഞ്ചാരികളെ പ്രതീക്ഷിച്ചിരിക്കുന്നു. പാറക്കൂട്ടങ്ങൾക്കു മുകളിലേക്ക് ഗോപുരം കാണുവാനായി കയറി . വലതു വശത്തു രണ്ടു പാറക്കൂട്ടങ്ങൾക്കു നടുവിലായി ഒരാൾക്ക് നടക്കുവാൻ പാകത്തിൽ ഒരു വഴി കണ്ടു . വഴിയുടെ തുടക്കകത്തിൽ കല്ലുകൾ കൊണ്ട് തന്നെ ഒരു പ്രവേശന കവാടം . അതൊഴിവാക്കി ഞാൻ ഗോപുരത്തിന് അടുത്തേക്ക് കയറി. വലിയ പാറക്കൂട്ടത്തിന്റെ മുകളിൽ കുമ്മായം പൂശി മിനുസപ്പെടുത്തിയ ഒരു ഗോപുരം .ക്ഷേത്രങ്ങളുടെ ശില്പ ചാരുതയോടെ ഒരു ചെറിയ പതിപ്പ്.
കുറെ സമയം അവിടെ പാറപുറത്തു കിടന്നു. എന്നെ ശല്യം ചെയ്യുവാൻ അപ്പോഴും ആരും എത്തിയിരുന്നില്ല. പാറപുറത്തു നിന്ന് താഴേക്ക് നോക്കുമ്പോൾ ചെറിയ പേടി തോന്നും. നല്ല താഴ്ചയുണ്ട്. എഴുന്നേറ്റു താഴേക്കിറങ്ങി ആദ്യം കണ്ട പ്രവേശന കവാടത്തിലേക്ക് കയറി. രണ്ടു പാറക്കൂട്ടങ്ങൾക്കിടയിലൂടെയുള്ള ഇടുങ്ങിയ വഴി. ഗുഹക്കുള്ളിലൂടെ പോകുന്ന പോലെ. അവിടെയും കല്ലുകൾ പാകിയിട്ടുണ്ട്. ആ വഴിയുടെ അവസാനം താഴേക്ക് പടികെട്ടുകളാണ്. പടിക്കെട്ടുകൾ ഇറങ്ങി താഴേക്ക് ചെന്നപ്പോൾ ഇടതു വശത്തായി കാണുന്ന കരിങ്കൽ ചുവരുകളിൽ ശില്പങ്ങൾ കൊത്തിവച്ചിരിക്കുന്നു. ഒൻപതാം നൂറ്റാണ്ടുകളിൽ നിർമിച്ചവയാവണം. ജൈന ശില്പങ്ങൾ പൊതുവെ രണ്ടു രീതികളിലാണ് നിര്മിക്കപ്പെട്ടിട്ടുണ്ടാവുക. ഒന്നെങ്കിൽ പദ്മാസനത്തിൽ അല്ലെങ്കിൽ സ്വതന്ത്രമായി നിൽക്കുന്ന രൂപത്തിൽ. ജൈന മത വിശ്വാസികളുടെ ആരാധന മൂർത്തിയായ ഇരുപത്തി നാലാമത്തെയും അവസാനത്തെയും തീർത്ഥങ്കരനായ മഹാവീരൻ മൂന്ന് കുടകളുടെ താഴെയായി പദ്മാസനത്തിൽ ഇരിക്കുന്നു. തൊട്ടടുത്തായി നിൽക്കുന്ന നിലയിൽ പാര്ശ്വനന്തന്റെയും പദ്മാവതി ദേവിയുടെയും ശില്പങ്ങൾ.
ജൈന മതത്തിൽ തന്നെ രണ്ടു വിഭാഗങ്ങളുണ്ട്. ദിഗംബര , സ്വേദംബര എന്നിങ്ങനെ. ആകാശങ്ങളെ വസ്ത്രങ്ങളായി കരുതുന്നവരാണ് ദിഗംബരന്മാർ. സ്വേദംബരന്മാർ വെളുത്ത വസ്ത്രങ്ങൾ ധരിക്കുന്നവരും . ഇവിടെയുള്ള ശില്പങ്ങൾ ദിഗംബരന്മാരുടേതാണ്. അവിടെ നിന്ന് വീണ്ടും താഴേക്കിറങ്ങുമ്പോൾ ക്ഷേത്രത്തിന്റെ പൂർണമായ ദൃശ്യം വ്യക്തമായി തുടങ്ങി. വലിയ പാറകളുടെ ഒരു ഭാഗം കൊത്തി ഒരുക്കി നിർമിച്ചതാണ് ഈ ക്ഷേത്രം . അതിന്റെ മുകളിൽ നിന്ന് താഴേക്കാണ് ഞാൻ ഇറങ്ങി വന്നത്. മൂന്ന് നിലകളിലായിട്ടാണ് ഈ ക്ഷേത്രത്തിന്റെ നിർമാണം. മുകളിൽ ഗോപുരം. നടുക്ക് ചുവർ ശില്പങ്ങളും, പൂജിക്കാനുള്ള സ്ഥലവും. പിന്നെ താഴേക്ക് വീണ്ടും പടി കെട്ടുകൾ. അതൊരു ചെറിയ തടാകത്തിലേക്കാണ് ചെന്ന് നിൽക്കുന്നത്. ഒരിക്കലും വറ്റാത്ത തടാകമാണെന്നു തോന്നുന്നു. ഈ വേനലിലും വെള്ളമുണ്ട്. ഞാൻ ഇപ്പോൾ നിൽക്കുന്നതിന്റെ ഇടതു വശത്തായി കരിങ്കല്ലുകൾ കൊണ്ട് ഉണ്ടാക്കിയ ഒരു ചെറിയ അറക്കുള്ളിൽ നാഗരാജാവിന്റെ പ്രതിഷ്ഠ കണ്ടു. നിർമാണം കണ്ടിട്ട് അത് അടുത്ത പിന്നീട് നിർമ്മിച്ചതാണെന്ന് തോന്നുന്നു. ക്ഷേത്രത്തിനു മുൻവശത്തു കരിങ്കൽ തൂണുകളോട് കൂടിയ നീളൻ വരാന്ത. അതിനു പുറകിലായി പടികെട്ടുകളോട് കൂടിയ മൂന്ന് ഇരുമ്പ് വാതിലുകൾ കാണാം. അതിനുള്ളിൽ മൂന്നു പ്രതിഷ്ഠകളാണ്. മഹാവീരന്റെയും പാര്ശ്വനന്തന്റെയും ദേവിയുടെയും. അകത്തു എപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന ഒരു വിളക്ക്.
ക്ഷേത്രത്തിന്റെ ഇടതു വശത്തും പടികെട്ടുകളുണ്ട്. അതിറങ്ങി ചെല്ലുന്നതു വിശാലമായ, നിരപ്പായ ഒരു പുൽപ്പരപ്പിലേക്കാണ്. അവിടെ ചെടികളും മരങ്ങളും ഒക്കെ വച്ച് മനോഹരമായിരിക്കുന്നു. എന്നെ ഇവിടെ ഏറെ ആകർഷിച്ചത് ഇവിടുത്തെ വൃത്തിയും വെടിപ്പുമാണ്. ചപ്പോ ചവറുകളോ എങ്ങും കാണാനില്ല. ആളുകളുടെ ബാഹുല്യവും. തീർത്തും ശാന്തമായ അന്തരീക്. ഒരു വശത്തായി പാറയിൽ ഏതോ പ്രാചീന ലിപിയിൽ ക്ഷേത്രത്തിന്റെ ചരിത്രമാവണം കൊത്തി വച്ചിരിക്കുന്നത് കണ്ടു . വട്ട എഴുത്തു എന്നാണ് അതറിയപെടുന്നത് . അത് എന്താണെന്നു ചോദിച്ചു മനസിലാക്കാമെന്നു വിചാരിച്ചാൽ ഇനിയും ആരും എത്തിയിട്ടില്ല. തിരുചരണാട്ടു മല എന്നറിയപ്പെടുന്ന ഈ സ്ഥലത്തു പണ്ടൊരു ജൈന സർവകലാശാല നിലനിന്നിരുന്നതായി ശിലാ രേഖകൾ തെളിയിക്കുന്നു.
ശീതള കാറ്റുമേറ്റ് അവിടെ കുറെ സമയം ഇരുന്നു . തിരിച്ചു പോകുവാൻ എന്തോ ഒരു മടി. നിഷ്കളങ്കമായ എന്തിനെയോ ഒറ്റയ്ക്കാക്കി ഉപേക്ഷിച്ചു പോകുന്ന ഒരു തോന്നൽ. സന്ദർശകർ ആരെങ്കിലും എത്തിയിരുനെങ്കിൽ ഏല്പിച്ചിട്ടു പോകാമായിരുന്നു എന്നൊരു ചിന്ത. കുറെ സമയം കഴിഞ്ഞിട്ടും ആരെയും കണ്ടില്ല . തിരിഞ്ഞു നോക്കാതെ ഞാൻ നടന്നു. പിൻവിളിക്കു കാതോർക്കാതെ, കാരണം എനിക്ക് ഇനിയും ഒരുപാടു ദൂരം താണ്ടേത്തതായിട്ടുണ്ട്.
ചരിത്രത്തിലേക്കൊരു യാത്ര . പൗരാണികതയുടെ ശേഷിപ്പുകൾ തേടിയൊരു സഞ്ചാരം . കാരണം നാളെ ഞാനും ഈ ചരിത്രത്തിന്റെ ഭാഗമാകും