Sunday , September 8 2024
Home / Travel Blog / ഹരിദ്വാർ- ഋഷികേഷ്- കേദാർനാഥ്

ഹരിദ്വാർ- ഋഷികേഷ്- കേദാർനാഥ്

ഹരിദ്വാർ- ഋഷികേഷ്‌- കേദാർനാഥ്

കുറച്ചു നാളുകളായുള്ള ആഗ്രഹമായിരുന്നു ഹിമാലയത്തിലേക്ക് പോകണം എന്നുളളത് . പണ്ടായിരുന്നേൽ ആളുകൾ കേട്ടു ചിരിച്ചേനെ , കൂട്ടത്തിൽ ദയനീയതയോടെ ഒരു നോട്ടവും . ഫോട്ടോഗ്രാഫി യോടുള്ള താല്പര്യം മാത്രമായിരുന്നില്ല , ഒരു സംസ്കാരത്തെ അടുത്തറിയാനുള്ള ആഗ്രഹവുമുണ്ടായിരുന്നു ഈ യാത്രയുടെ പുറകിൽ . ഒറ്റക്കാണ് യാത്ര എന്നു  പറഞ്ഞപ്പോൾ എല്ലാവരും നിരുത്സാഹപ്പെടുത്തി .പക്ഷെ എന്റെ സഹ പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ Pradeep Soman നൽകിയ പ്രോത്സാഹനം യാത്രയുടെ തയാറെടുപ്പുകൾക്കു ആക്കം കൂട്ടി.

ഹരിദ്വാർ , ഋഷികേഷ്‌ , കേദാർനാഥ്  തിരികെ ഡൽഹി വഴി തിരുവനന്തപുരം , ഇതായിരുന്നു യാത്രയുടെ പ്ലാൻ.

എല്ലാ വെള്ളിയാഴ്ചയും രാവിലെ 8.45 ന് തിരുവനന്തപുരം കൊച്ചുവേളി റയിൽവേ സ്റ്റേഷൻ നിന്നും  ഹരിദ്വാർ വഴി ഡെറാഡൂൺ യിലേക്ക് ഒരു ട്രെയിൻ ഉണ്ട് 22659 കൊച്ചുവേളി – ഡെറാഡൂൺ സൂപ്പര്ഫാസ്റ്  ട്രെയിൻ . അതിൽ ടിക്കറ്റ് ബുക് ചെയ്തു. മഴക്കാലം തുടങ്ങിയിരുന്നതിനാൽ ചാറ്റൽ മഴയുടെ അകമ്പടിയോടെ രാവിലെ 8.30 ആയപ്പോൾ  സ്റ്റേഷനിൽ  എത്തി . എനിക്കു പോകേണ്ട ട്രെയിൻ കാത്തു കിടപ്പുണ്ടായിരുന്നു സീറ്റ് നമ്പർ കണ്ടെത്തി വസ്ത്രങ്ങളും  ക്യാമറയും അടങ്ങിയ ബാഗ് ഒതുക്കി വച്ചു ട്രെയിൻ പുറപ്പെടാനായി കാത്തിരുന്നു. അധികം സ്റ്റോപ്പുകൾ ഇല്ലാത്ത ട്രെയിൻ ആണ് , പാൻട്രിയും . ഇടക്ക് നിർത്തുന്ന സ്റ്റേഷനുകളിൽ നിന്നും  ഫുഡ് വാങ്ങി കൊള്ളണം.

എറണാകുളവും കോഴിക്കോടും കണ്ണൂരും പിന്നിട്ടു രാത്രി 8.45 ആയപ്പോ ട്രെയിൻ മംഗലാപുരം എത്തി. അവിടെ നിന്നും രാത്രി ഭക്ഷണം വാങ്ങി കഴിച്ചതിനു ശേഷം ഉറങ്ങാൻ കിടന്നു. പുറത്തു നല്ല മഴ ഉണ്ടായിരുന്നു . പിറ്റേന്നു രാവിലെ 5.30 ന് ഉറക്കമുണർന്നപ്പോ ട്രെയിൻ കൺകവലി (മഹാരാഷ്ട്ര) സ്റ്റേഷനിൽ എത്തിയിരുന്നു . ഏതോ ട്രെയിന് കടന്നു പോകാൻ വേണ്ടി നിർത്തിയതാണ്. പുറത്തു നല്ല തണുപ്പും ചാറ്റൽ മഴയും . ഇവിടെയും മൺസൂൺ തുടങ്ങിയോ? ഭാഗ്യം ചായ വിൽക്കാനായി  ഒരാൾ ഓടി വരുന്നു. രാവിലെ ഒരു ചായയും പത്രവും ഇല്ലാതെ മലയാളിക്ക് എങ്ങനെ ഒരു ദിവസം തുടങ്ങാൻ പറ്റും?  നമ്മുടെ ഇവിടെ കിട്ടുന്ന ചായയുടെ കാൽ ഭാഗം മാത്രമുള്ള കപ്പിൽ ഒരു ചായ , 10 രൂപ , നല്ല മധുരം  . ട്രെയിൻ സ്റ്റേഷൻ വിട്ടു കഴിഞ്ഞപ്പോൾ  കുറെ സമയം വാതിൽക്കൽ പോയി നിന്നു. പുതിയ സ്ഥലങ്ങൾ കാണാനുള്ള ആകാംഷയുമായി . കാഴ്ചയിൽ താല്പര്യം തോന്നുന്ന ഒന്നും തന്നെ കണ്ടില്ല. ട്രെയിൻ കടന്നു പോകാനായി നിർമിച്ച കുറെ തുരങ്കങ്ങൾ അല്ലാതെ. മംഗലാപുരം കഴിഞ്ഞാൽ പിന്നെയുള്ള ൿഴ്ചകളെല്ലാം ഒരുപോലെയാണ് . ഇരുവശവും നീണ്ടു നിവർന്നു കിടക്കുന്ന കൃഷി ഇടങ്ങളൂം ചിലയിടങ്ങളിൽ ചെറിയ കുന്നുകളും. കേരളം കഴിഞ്ഞാൽ വിജനമായ സ്ഥലങ്ങളിൽ കൂടി ആണ് റയിൽ പാത കടന്നു പോകുന്നത്  . അതു കൊണ്ടു തന്നെ പ്രധാന റയിൽവേ സ്റ്റേഷന് സമീപം മാത്രമാണ് ജനവാസം കാണാൻ കഴിയുന്നത് . വീടുകൾക്കൊന്നും നമ്മുടെ വീടുകൾ പോലെ ഉള്ള ഭംഗിയില്ല . ഹൗസിങ് ബോര്ഡിന്റെ ഫ്ലാറ്റ് കൾ പോലെ ചതുരത്തിലുള്ള ഫ്ലാറ്റുകളും അപ്പാർട്മെന്റ്‌കളും . അവരൊക്കെ വെയിലും മഴയും ഏൽക്കാതെ കിടന്നുറങ്ങണം എന്ന ആഗ്രഹത്തോടെ മാത്രമാവും വീടുകൾ പണിയുക, മറിച്ചു നമ്മളെ പോലെ ആര്ഭാടത്തിനാവില്ല. മൂന്നു ദിവസത്തെ ട്രെയിൻ യാത്രക്കിടയിൽ ഒരുപാട് ആളുകളെ പരിചയപെട്ടു , കുറെ ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്തു കൊണ്ടിരുന്നു , സ്വാമി രാംദേവ് ജി ,മൂന്നാർ ടീ എസ്റ്റേറ്റ് മാനേജർ  അഭയ് ചൗദരി , ഡെറാഡൂൺ ഇൽ ആർമി ഇൽ ജോലി ചെയ്യുന്ന മകന്റെ അടുത്തേക്ക് പോകുന്ന ഇടുക്കിക്കാരൻ ജോസഫ് ചേട്ടൻ , bsnl  യിലെ ജോലിയിൽ നിന്നു വിരമിച്ച ശേഷം ഹരിദ്വാർ ഇൽ ഒരാഴ്ച  ആശ്രമങ്ങളിൽ ചിലവഴിക്കാൻ ആഗ്രഹിച്ചു ചന്ദ്രൻ ചേട്ടൻ . അവരുടെ ഒക്കെ അനുഭവ കഥകളും ചർച്ചകളും ഒക്കെ ആയി ട്രെയിൻ യാത്ര രസകരമായിരുന്നു

മഹാരാഷ്ട്ര – ഗുജറാത്‌  –  രാജസ്ഥാൻ  – ഹരിയാന –  ഡൽഹി എന്നീ 5 സംസ്ഥാനങ്ങൾ പിന്നിട്ടു മൂന്നാം  ദിവസം വൈകുന്നേരം 6.45 ആയപ്പോ ട്രെയിൻ ഹരിദ്വാറിലെത്തി .

യാത്രക്കാരിൽ നല്ലൊരു ശതമാനം ആളുകളും ഹരിദ്വാറിൽ തന്നെ ഇറങ്ങുവാൻ ഉള്ളവരായിരുന്നു . ഫ്ലാറ്റ്‌ഫോമിലേക്കു കാലെടുത്തു വച്ചപ്പോൾ കണ്ട കാഴ്ച തന്നെ അതിശയിപ്പിക്കുന്നതായിരുന്നു.

പൂരപ്പറമ്പിലേതു  പോലെ ഫ്ലാറ്റ്‌ഫോം നിറയെ ആളുകൾ . പത്തും ഇരുപതും പേരടങ്ങുന്ന ഗ്രൂപ്പുകൾ നിലത്തു വട്ടം കൂടി ഇരിക്കുന്നു , എല്ലാം  സാധാരണക്കാർ . അവർക്കു പോകേണ്ട ട്രെയിൻ കാത്തിരിക്കുന്നവരാകും, ചിലപ്പോ ട്രെയിൻ നാളെയോ മറ്റെന്നാളോ ആയിരിക്കും പുറപ്പെടുക അതുവരെയും അവർ ഇവിടെ തന്നെ ഉണ്ടാവും, കാവി വസ്ത്രമണിഞ്ഞ സ്വാമിമാരും നല്ല വർണശബളമായ വസ്ത്രങ്ങൾ ധരിച്ച രാജസ്ഥാനികളും , എന്നിലെ ഫോട്ടോഗ്രാഫറുടെ കണ്ണുകൾ വിടർന്നു . പക്ഷെ ബാഗിൽ നിന്നും ക്യാമെറ എടുക്കുവാൻ പോലും കഴിയാത്ത അത്ര തിരക്ക്‌. നിരാശയോടെ ഞാൻ സ്റ്റേഷന് പുറത്തു ഒരുവിധം ഉന്തി തള്ളി എത്തി .

സ്റ്റേഷന് പുറത്തു ഇറങ്ങിയ പാടെ റിക്ഷ വാലകളും ഓട്ടോക്കാരും കൂടെ കൂടി. എനിക്കു താമസിക്കേണ്ട ഹോട്ടൽ ഞാൻ നേരത്തെ ബുക് ചെയ്തിരുന്നു ചെന്നിട്ടു താമസ സൗകര്യം കണ്ടുപിടിക്കാൻ ചെലവഴിക്കേണ്ട സമയം ലാഭിക്കാൻ വേണ്ടിയായിരുന്നത്. ഹോട്ടലിന്റെ പേര് പറഞ്ഞപോഴേ അറിയാമെന്നു പറഞ്ഞു റിക്ഷാക്കാരൻ എന്റെ ബാഗ് എടുത്തു വണ്ടിയിൽ വച്ചു. 50 രൂപ കൂലി പറഞ്ഞു സമ്മതിച്ചു ഞാനും കയറി. വഴി നിറയെ നല്ല തിരക്ക്‌ . ആളുകളും റിക്ഷകളും . നല്ല പ്രായമുള്ള ഒരാളായിരുന്നു എന്റെ റിക്ഷ ചവിട്ടിയിരുന്നത്. വിഷമം തോന്നി , അയാളുടെ ശരീര പ്രകൃതിയും റിക്ഷ ചവിട്ടാൻ ബുദ്ധിമുട്ടുന്നതും കണ്ടപ്പോൾ. റയിൽവേ സ്റ്റേഷന് മുമ്പിലെ വഴിയിൽ കൂടി റിക്ഷ നീങ്ങി തുടങ്ങി . ഒരു ഹോട്ടലിനു മുമ്പിൽ റിക്ഷ നിർത്തി. ഇതാണ് ഹോട്ടൽ. ഞാൻ നോക്കിയപ്പോ എനിക്കു പോകേണ്ടിയിരുന്ന ഹോട്ടലിന്റെ പേരല്ല അവിടെ എഴുതി വച്ചിരിക്കുവന്നത്. ഞാൻ പറഞ്ഞു ഇതല്ല , ശരി എന്നു പറഞ്ഞു കൊണ്ടു റിക്ഷ വീണ്ടു ചവിട്ടി തുടങ്ങി . വേറൊരു ഹോട്ടലിന്റെ  മുമ്പിൽ നിർത്തി. ആ ഹോട്ടലിന്റെയും പേര് മറ്റൊന്നായിരുന്നു . അയാൾക്ക്‌ എനിക്കു പോകേണ്ട ഹോട്ടൽ അറിയില്ല എന്നു മനസിലായി. ഞാൻ ഇറങ്ങി അടുത്തു കണ്ട ഹോട്ടലിന്റെ റിസപ്ഷനിൽ  എന്റെ ഹോട്ടലിന്റെ അഡ്രസ് പറഞ്ഞു , അതു തൊട്ടടുത്തു തന്നെ ആയിരുന്നു. റയിൽവേ സ്റ്റേഷനിൽ നിന്നും നടക്കാനുള്ള ദൂരം 🙂 . ഒടുവിൽ പറഞ്ഞതിന്റെ ഇരട്ടി കൊടുത്തു ഞാൻ റിക്ഷ വാലയെ യാത്രയാക്കി. 500-1000 രൂപ നിരക്കിൽ നല്ല മുറികൾ കിട്ടും ഇവിടെ (a/c , ഫ്രീ വൈഫൈ etc )  റൂമിൽ  ചെന്നു കൈയ്യും കാലുമൊക്കെ ഒന്നു കഴുകി ക്യാമറ ബാഗും തൂകി ഞാൻ ഇറങ്ങി . ഒരു ഇടുങ്ങിയ വഴിയിൽ ആയിരുന്നു ഹോട്ടൽ. ആ വഴി നേരെ ചെല്ലുന്നതു നിരഞ്ജനി മാർഗിലേക്കാണ് , വഴിയിലും നല്ല തിരക്ക്‌ . അവിടുന്നു വലത്തേക്ക് തിരിഞ്ഞപ്പോ ഒരു പാലം കണ്ടു. ഗംഗക്ക് കുറുകെ ഉള്ള പാലമാണ് . ഇതുവഴിയാണ് ഋഷികേശിലേക്കു പോകുന്നത്. ആ പാലത്തിൽ നിന്നു താഴേക്കു നോക്കിയപ്പോ ഇരു വശവും ആളുകൾ നിൽക്കുന്നു. ഗംഗാ ആരതിയുടെ സമയമാണ് . കൈയിൽ വിളക്കുകളുമായി  പൂജാരിമാർ മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ടു ഗംഗയെ ഉഴിയുന്നു . കൂടി നിൽക്കുന്ന ഭക്തരുടെ നാവുകളിൽ ദേവി/ശിവ സ്തുതികൾ മാത്രം . അവിടെ നിന്നു കൊണ്ടു തന്നെ ഞാൻ കുറെ ചിത്രങ്ങൾ ക്യാമെറയിൽ പകർത്തി

പാലത്തിനോട് ചേർന്നു താഴേക്കു പടിക്കെട്ടുകൾ ഉണ്ട് . അതിറങ്ങി ചെല്ലുമ്പോൾ ഗംഗയുടെ ഇരു വശങ്ങളിലുമായി വെളളത്തിലേക്കിറങ്ങാൻ ചെറിയ പടികൾ ഉണ്ട്. ആളുകളുടെ നല്ല തിരക്ക്‌. ഗംഗയിൽ ഒന്നു മുങ്ങി നിവർന്നാൽ കഴിഞ്ഞ ഏഴു ജന്മങ്ങളിലെ പാപങ്ങൾക്ക് മുക്തി ലഭിക്കും എന്നാണ് വിശ്വാസം. ആളുകൾക്ക് ഇറങ്ങി നിൽക്കാനും അപകടങ്ങൾ ഒഴിവാക്കാനുമായി ഇരുമ്പു പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട് , പിടിച്ചു നിൽക്കാൻ ചങ്ങലയും  പ്രാർത്ഥനയോടെ ആളുകൾ ഗംഗയിൽ മുങ്ങി നിവരുന്നതു കാണാം. 10 രൂപ കൊടുത്താൽ ഗംഗയിൽ ഒഴുക്കാനുള്ള ആരതി വാങ്ങാൻ കിട്ടും . കച്ചവടക്കാരുടെ നല്ല തിരക്കും ഉണ്ടവിടെ. സമയം 7 മണി കഴിഞ്ഞെങ്കിലും നല്ല വെളിച്ചമുണ്ട്, സൂര്യൻ ഇനിയും വിട പറഞ്ഞിട്ടില്ല.കൂട്ടത്തോടെയും ഒറ്റക്കും ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു .ആളുകൾ അധികവും  അവിടെ തന്നെ രാത്രി തങ്ങാനുള്ള തയാറെടുപ്പിലാണ് . ഗംഗയുടെ കരയിൽ കിടന്നുറങ്ങുവാൻ . ഞാനും ഗംഗയിലേക്കിറങ്ങി . വെള്ളത്തിനു നല്ല തണുപ്പ്, ഹിമാലയത്തിലെ മഞ്ഞുരുകി വരുന്ന വെള്ളമാണ്. ഗംഗയുടെ പടികളിലും കരയിലും ജടാ നരകൾ ബാധിച്ച സന്യാസിമാരും  ഇരിപ്പുണ്ട് . കൂട്ടത്തോടെ ഇരിക്കുന്ന സന്യാസിമാർ  ‘Chillum ‘ (കളിമണ്ണ് കൊണ്ടുണ്ടാക്കിയ പുകയില നിറച്ചു വലിക്കാൻ ഉപയോഗിക്കുന്ന ഒരുതരം കുഴൽ ) ആഞ്ഞു വലിച്ചു കൊണ്ടിരിക്കുന്നതു കാണാം . അവരുടെ മുഖങ്ങളിൽ ഒരുതരം ഉന്മാദാവസ്ഥ. ആ സമയത്തും ആളുകൾ ഗംഗയിൽ ഇറങ്ങി കുളിക്കുന്നത്  കാണാം. കരയിൽ തുണികളും പ്ലാസ്റ്റിക് കവറുകളും വിരിച്ചു ആളുകൾ അവർക്കുള്ള കിടക്കുവാനുള്ള  സ്ഥലങ്ങൾ ഉറപ്പാക്കികൊണ്ടിരിക്കുന്നു . കർപ്പൂരത്തിന്റെയും എണ്ണയുടെയും ഭസ്മത്തിന്റെയും മണമാണ് ഗംഗക്ക് . 9 മണി ആയപ്പോൾ ഞാൻ തിരികെ ഹോട്ടലിലേക്ക് നടന്നു.

പിറ്റേന്നു രാവിലെ 4 മണിക്ക് ഞാൻ ഉണർന്നു . ചൂടുവെള്ളത്തിൽ നന്നായൊന്ന്  കുളിച്ചു 4.30 മണിയോടെ ഞാൻ ഇറങ്ങി. പുറത്തിറങ്ങിയപ്പോ ചെറിയ വെളിച്ചമുണ്ട് , നമ്മുടെ  ഒരു 6 മണിയുടെ അവസ്ഥ. തലേന്ന് പോയ പാലത്തിന്റെ അടുത്തു കൂടി ഒരു വഴിയുണ്ട് , അതു ചെല്ലുന്നതു മാർക്കറ്റിലേക്കാണ്. മാർക്കെറ്റിനുള്ളിൽ കൂടി നടന്നാൽ മനസാ ദേവി ക്ഷേത്രത്തിൽ ചെല്ലാം അതാണ് ലക്ഷ്യം. മാർക്കെറ്റിനുള്ളിൽ നടക്കുവാനുള്ള സ്ഥലമേ ഉള്ളു . ഇരു വശവും കടകൾ. ഒന്നും തുറന്നിട്ടില്ല . ഒരു ചായ പീടിക കണ്ടു. 10 രൂപ നമ്മുടെ ചായയുടെ നാലിൽ ഒന്നേ ഉള്ളു എങ്കിലും ഏലക്ക ഒക്കെ ഇട്ടു നല്ല രസികൻ ചായ. വഴിയുടെ ഇരുവശവും നിറയെ താമസ സൗകര്യമുള്ള ഹോട്ടലുകളും കടകളുമാണ് ഒരു കിലോമീറ്ററിലധികം നടന്നിട്ടുണ്ടാവും . വഴിയിൽ ആളുകളുമുണ്ട് . ആ വഴി നേരെ ചെന്നു നിൽക്കുന്നത് പുണ്യ നഗരമായ  ഹരിദ്വാർ യിലെ പ്രധാന സ്ഥലമായ ‘har ki pouri ‘ യിലാണ് . വേദ കാലഘട്ടത്തിൽ ശിവനും വിഷ്ണുവും ‘har ki pouri  യിലെ ബ്രഹ്മ്മകുണ്ഡ് സന്ദർശിചിരുന്നതായി വിശ്വസിക്കപ്പെടുന്നു. വൈകുന്നേരങ്ങളിലെ  ഗംഗാ ആരതി പ്രധാനമായും നടക്കുന്നത് ഇവിടെ ആണ് . നല്ല തിരക്ക്‌ . ഗംഗയിൽ മുങ്ങി കുളിക്കുവാനുള്ള ആളുകളുടെ തിരക്കാണ് . ഗംഗയുടെ ഇരുവശങ്ങളിലേക്കും സഞ്ചരിക്കുവാൻ പാലങ്ങൾ പണിതിട്ടുണ്ട് . 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുക്കുവാൻ ലക്ഷങ്ങളാണ് ഇവിടേക്ക് എത്തുന്നത് . 6 വർഷത്തിലൊരിക്കൽ അർദ്ധ കുംഭമേളയും നടക്കാറുണ്ട്. മനസാ ദേവി ക്ഷേത്രം ഇവിടെനിന്നും ഇനിയും ഒരുപാട് ദൂരമുണ്ട് , ഒരു കുന്നിന്റെ മുകളിലാണ് . പോയി  വരാൻ ഒരുപാട് സമയം ആകുമെന്നതിനാൽ ഞാൻ ആ ശ്രമം ഉപേക്ഷിച്ചു. കുറച്ചു സമയം കൂടി ഇവിടെ ചിലവഴിച്ചിട്ടു ഞാൻ തിരികെ നടന്നു . ഋഷികേഷ്‌ ആണ് ഇനി ലക്ഷ്യം.

28 കിലോമീറ്റർ ദൂരമുണ്ട് ഇവിടെ നിന്നും ഋഷികേശിന്  മാർക്കറ്റിന്റെ  അടുത്തായി തന്നെ ബസുകൾക്കു ഒരു പാർക്കിങ് സ്ഥലമുണ്ട് . അവിടെ നിന്നും ഋഷികേഷ്‌ ന് മിനി ബസ് കിട്ടും . ഉത്തരാഖണ്ഡ് സർക്കാരിന്റെ ബസ് സർവീസും ഋഷികേഷിനുണ്ട് . അതിനു പാലത്തിനു സമീപം സ്റ്റോപ് ഉണ്ട് . ഞാൻ മിനി ബസ് പാർക് ചെയ്തിരിക്കുന്ന സ്ഥലത്തെത്തി. 150 രൂപയാണ് ഒരു സീറ്റിന്. സ്ഥലങ്ങളെ കുറിച്ചു വിവരിച്ചു തരാൻ ഗൈഡ് ഉം ഉണ്ടാവും . രാവിലെ 9.30 ന് ഋഷികേഷ്‌ പോയി വൈകുന്നേരം 6.30 ണ് തിരിച്ചു വരും.  150 രൂപ നൽകി ഞാൻ ബസിൽ കയറി യാത്രക്ക് തയ്യാറായി . ഏകദേശം 20-24 ആളുകൾ ഉണ്ടായിരുന്നു ബസിൽ . 6-7 കുടുംബങ്ങൾ , കൊച്ചു കുട്ടികളും പ്രായമായവരും ഉൾപ്പെടുന്ന ഗ്രൂപ്പുകൾ . ആദ്യം ഞങ്ങൾ ചെന്നത് ആനന്ദമായി മാ വിദ്യാ പീഠം കേന്ദ്രത്തിലേക്കാണ്. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ആത്മീയ ഗുരുവായിരുന്നു ആനന്ദമായി മാ . ഭിത്തിയിലും തറയിലുമെല്ലാം മാർബിൾ പതിപ്പിച്ചിരുക്കുന്നു രുദ്രാക്ഷത്തിന്റെ ഒരു മരം നിൽപ്പുണ്ട് ആ ആശ്രമത്തിൽ . അതിന്റെ ചുവട്ടിൽ നിന്നാൽ ഒരു പ്രത്യേക കുളിര്മയാണ് . അവിടെ നിന്നും ഇറങ്ങി വീണ്ടും യാത്രയായി . പോകുന്ന വഴി ഒരുപാട് സന്യാസ ആശ്രമങ്ങൾ കാണാൻ കഴിയും. 2013 ഇൽ ഉണ്ടായ പ്രളയത്തിന്റെ അവശിഷ്ടങ്ങളും . ഗംഗക്ക് കുറുകെയായി ചെറിയ ഡാമുകൾ പണിതിട്ടുണ്ട് . ഋഷികേഷ്‌ അടുക്കുന്തോറും അന്തരീക്ഷ താപനിലയിൽ മാറ്റം വന്നു കൊണ്ടിരുന്നു . 38 ഡിഗ്രി ചൂടുണ്ടായിരുന്നു ഹരിദ്വാർ ഇൽ. ചെറിയ തണുപ്പ് തോന്നി തുടങ്ങി. ഋഷികേഷ്‌ കുറെ കൂടി തിരക്കുള്ള പട്ടണമാണ് . വിനോദ സഞ്ചാര സ്ഥലങ്ങളുടെ  ഗണത്തിൽ പെടുത്താൻ കഴിയുന്ന സ്ഥലം . ഗംഗയിൽ കൂടിയുള്ള ‘ river rafting ‘ ആസ്വദിക്കാൻ ഒരുപാട് വിനോദ സഞ്ചാരികൾ വരാറുണ്ട് ഇവിടെ.

Sri Ram jhoola , Lakshman jhoola   ഇതു കാണുകയാണ് എന്റെ ലക്ഷ്യം . ഗംഗക്ക് കുറുകെ ഒരു തൂക്കു പാലം  ഉണ്ട്. അതു കടന്നു വേണം Lakshman jhoola ഇൽ എത്തുവാൻ. പാലത്തിൽ നല്ല തിരക്കാണ് . രസകരമായ കാര്യം അതല്ല , ആ തിരക്കിനിടയിൽ കൂടിയും ഇരു ചക്ര വാഹനങ്ങൾ അനുവദനീയമാണ് . ആളുകൾ എന്തു സഹിഷ്ണതയോടാണ് അതിനോട് സഹകരിക്കുന്നത് J ക്ഷേത്രങ്ങൾ കണ്ടതിനു ശേഷം ഗൈഡ് ഞങ്ങളെ ഒരു ഷോപ്പിൽ കൊണ്ടു പോയി . ഞങ്ങൾ കയറിയ ഉടൻ കടയുടെ ഉടമസ്ഥൻ കതകുകൾ അടച്ചു , ലൈറ്റ്  ഓഫാക്കി . ഇതെന്തിനെന് പരിഭ്രമിച്ചു നിൽക്കെ കടക്കാരൻ മേശയുടെ അടിയിൽ നിന്നും സ്ഫടികം പുറത്തെടുത്തു , ഉരച്ചു കാണിച്ചു . ഒരു പ്രകാശം മുറി മുഴുവൻ നിറഞ്ഞു . നവര്തനങ്ങൾ കൊണ്ടുണ്ടാക്കിയ മാല 2000/- രൂപയാണ് വില. അതു ധരിച്ചാൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകുമത്രേ . കൂടെ ഉണ്ടായിരുന്ന കുറെ ആളുകൾ അതു വാങ്ങി. പിന്നീട് രുദ്രാക്ഷം പ്രദർശിപ്പിച്ചു കാണിച്ചു . ശുദ്ധമായ രുദ്രാക്ഷമാണ് , ഇതു വീടുകളിൽ വച്ചാൽ യാതൊരു രോഗങ്ങളും ഉണ്ടാകില്ലത്രേ . അതും കുറെ ആളുകൾ വാങ്ങി. പിന്നീട് ഞങ്ങൾ ഭക്ഷണം കഴിക്കാനായി പോയി. ചോട്ടിവാല എന്നറിയപ്പെടുന്ന ഹോട്ടലുകളാണ് അവിടെ ഉളളത്. ഹോട്ടൽസിന്റെ മുമ്പിൽ മുഖം നിറയെ ചായം പൂശി കുടുമി മുകളിലേക്കു ഉയർത്തി നിർത്തി ആളുകൾ ഇരിപ്പുണ്ടാവും , അതാണ് ചോട്ടിവാല. തിരികെ ഒരു പാലം കടന്നു വേണം Ram Jhoola യിൽ എത്തുവാൻ. ധാരാളം ഹോട്ടലുകൾ ഉള്ള സ്ഥലമാണ് ഋഷികേഷ്‌ . ചെറുതും വലുതുമായി ഒരുപാട് ഹോട്ടൽസ് ഉം റിസോർട്സ് ഉം. ഒഴിവു ദിനങ്ങൾ ആസ്വദിക്കുവാൻ ഒരുപാട് പാക്കേജ്‌സ് ഒരുക്കി നമ്മളെ കാത്തിരിക്കുന്നുണ്ടവിടെ . ബസുകൾ സഞ്ചരിക്കാത്ത വഴികളിൽ ഓട്ടോ കിട്ടും 8-10 പേരെ ഓരോ ഓട്ടോയിലും കയറ്റും . 20 രൂപയാണ് ഒരാൾക്ക്. ഞങ്ങളുടെ ബസ് പാർക്  ചെയ്തിരിക്കുന്ന സ്ഥലം വരെ ഓട്ടോയിലെത്തി . തിരിച്ചു ഹരിദ്വാറിലേക്കു മടക്കം. യാത്രയിലുടനീളം പ്രളയത്തിന്റെ ദുരിതങ്ങൾ അവശേഷിപ്പിച്ച കനാലുകൾ കാണാം . മുഴുവൻ മണ്ണുകൊണ്ട് മൂടപ്പെട്ടിരിക്കുന്നു

തിരികെ ഹരിദ്വാറിലെത്തി കുറച്ചു ആശ്രമങ്ങൾ സന്ദർശിച്ചു . ധാരാളം ആശ്രമങ്ങൾ ഉള്ള സ്ഥലമാണ് ഹരിദ്വാർ. സന്ന്യാസിമാർക്ക് സൗജന്യ താമസ സൗകര്യം സർക്കാർ തലത്തിൽ ഒരുക്കിയിട്ടുണ്ട് . സന്ന്യാസിമാർക്ക് അവരുടെ ജീവിത കാലം മുഴുവൻ അവിടെ താമസിക്കാം.

സന്ധ്യ നേരത്തും നല്ല തിരക്കാണ് റോഡ് മുഴുവൻ . വെറുതെ ചുറ്റി നടന്നു , 9 മണിയോടെ ഹോട്ടലിൽ മടങ്ങി എത്തി

അടുത്ത യാത്ര കേദാര്നാഥിലേക്കാണ് , കുറഞ്ഞത് 3 ദിവസമെങ്കിലും വേണം പോയി വരാൻ എന്നു ഹോട്ടലുകാരിൽ നിന്നും അറിഞ്ഞു. GMOU (Garwhal Motor Owner’s Union) ഗവണ്മെന്റ് അംഗീകൃത ട്രാവൽ ഓപ്പറേറ്റർസ് ആണ് . എല്ലാ ദിവസങ്ങളിലും അവർക്കു ഋഷികേഷ്‌, കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി,തുടങ്ങി ഉത്തരാഖണ്ഡിലെ എല്ലാ സ്ഥലത്തേക്കും ബസ് സർവീസ് ഉണ്ട് . ഹരിദ്വാർ റയിൽവേ സ്റ്റേഷന് മുൻപിലായി റോഡിന്റെ എതിർ വശത്താണ് സർക്കാർ ബസ് സ്റ്റാൻഡ് . അതിനു സമീപം തന്നെ ആണ് GMOU ബുക്കിങ് ഓഫീസ് . ബസുകൾ പുറപ്പെടുന്നതും ഇവിടെ നിന്നു തന്നെ .  ഹോട്ടലുകാർ എനിക്കു വേണ്ടി ഒരു ടിക്കറ്റ് ബുക്കു ചെയ്തു വച്ചിരുന്നു സോനപ്രയാഗ് വരെ ഉള്ള ടിക്കറ്റ് ആണ് അവര് തന്നത് . 350/- രൂപ . രാവിലെ 7 മണിക്കാണ് ബസ് പുറപ്പെടുന്നത് , 6.30 ആകുമ്പോൾ റിപ്പോർട് ചെയ്യണം.

ഇനിയും കാണാം എന്നു യാത്ര പറഞ്ഞു 6 മണി ആയപ്പോൾ ഞാൻ ഹോട്ടലിൽ നിന്ന്നും ഇറങ്ങി. നടന്നു ചെല്ലാവുന്ന ദൂരമേ ഉള്ളു റയിൽവേ സ്റ്റേഷനിലേക്ക്. പോകുന്ന വഴി ഒരു ചായ കുടിച്ചു . യാത്രകളിൽ ചായ തന്നെ അന്ന് ആശ്വാസം. ക്രമമായി പ്രഭാത  ഉച്ച ഭക്ഷണങ്ങൾ കഴിക്കാൻ കഴിയാറില്ല, വിശക്കാറില്ല എന്നതാവും സത്യം. സ്റ്റാൻഡ് കണ്ടു പിടിക്കാൻ ഇത്തിരി ബുദ്ധിമുട്ടി , ഞാൻ വിചാരിച്ചിരുന്നത് ഉത്തരാഖണ്ഡ് സർക്കാർ ബസ് സ്റ്റാൻഡിൽ നിന്നു തന്നെ ആകും ഇതും പുറപ്പെടുക എന്നാണ് , പലരോടും ചോദിക്കേണ്ടി വന്നു. സ്റ്റാൻഡിനു പുറത്തിറങ്ങി നോക്കിയപ്പോ GMOU ബോർഡ് വച്ച ബസ് കിടക്കുന്നത് കണ്ടു . കുറെ ബസുകൾ നിര നിരയായി നിർത്തി ഇട്ടിരിക്കുന്നു, മുമ്പിൽ കിടക്കുന്ന ബസ് ഇന്റെ സമീപം കുറെ ആളുകൾ നിൽക്കുന്നത്  കണ്ടു . അതിൽ ഒരാളെ ടിക്കറ്റ് കാണിച്ചപ്പോ അതിൽ ബസ് നമ്പർ എഴുതി തന്നു .ബസ് നമ്പർ 078. നിര നിരയായി ഇട്ടിരുന്ന ബസുകളുടെ പുറകിലായിരുന്നു എനിക്കു പോകേണ്ടി ഇരുന്ന ബസ്. ബസിന്റെ മുമ്പിൽ ബോർഡ് വച്ചിരിക്കുന്നു- ഋഷികേഷ്‌,-രുദ്രപ്രയാഗ്,-ഗൗരികുണ്ഡ് – കേദാർനാഥ്  . എനിക്കു പോകേണ്ടത് ഇതിൽ തന്നെ . എന്റെ സീറ്റ് നമ്പർ 2 ആണ്. മുമ്പിൽ തന്നെ. ചെറിയ മിനി ബസ് ആണ്. 24 സീറ്റുകൾ ഉള്ള ബസ്. സാധാരണ ഓർഡിനറി മിനി ബസ് . ആരും കയറിയിട്ടില്ല . മുമ്പിലെ ബസുകൾ പുറപ്പെടുന്നതിനനുസരിച്ചു എന്റെ ബസും മുന്പോട്ടു നീങ്ങി കൊണ്ടിരുന്നു .

7 മണി ആയപ്പോഴക്കും ബസിൽ നിറയെ ആളുകളായി , 7 മണിക്ക് തന്നെ ബസ് യാത്ര തുടങ്ങി. നല്ല തിരക്കുണ്ട്. എല്ലാം സാധാരണക്കാർ. കുറെ സന്യാസിമാരുമുണ്ട്  ഈ യാത്രയിൽ . തലേന്ന് ഋഷികേഷ്‌ വരെ പോയ വഴിയിലൂടെ തന്നെ ആയിരുന്നു യാത്ര. രാവിലത്തെ സമയം ആയിരുന്നത് കൊണ്ടു റോഡിൽ അത്ര തിരക്കുണ്ടായിരുന്നില്ല, ഏകദേശം 8-30 കഴിഞ്ഞപ്പോ ഋഷികേശിൽ എത്തി . ഒരു സ്റ്റോപ്പിൽ വണ്ടി ഇത്തിരി നേരം നിർത്തി , അവിടുന്നുള്ള യാത്രക്കാരെ കയറ്റാനാണ്. നല്ല തണുപ്പ്. ഋഷികേഷ്‌ കഴിഞ്ഞാൽ പിന്നെ കയറ്റം കയറുകയായി. ഒരു വശത്തു ആർത്തലച്ചു ഗംഗാ ഒഴുകുന്നു . രാവിലെ തന്നെ River Rafting നുള്ള ബോട്ടുകൾ കെട്ടിവച്ചു കൊണ്ടു ആളുകളെയും  കൊണ്ടു ജീപ്പുകൾ പോകുന്ന്തു കാണം. മലകൾ ചുറ്റി വളഞ്ഞും പുളഞ്ഞും പോകുന്ന റോഡ് . താഴെ ഒഴുകുന്ന ഗംഗയിൽ നിന്നും ഉയരം കൂടി കൂടി വരുന്നു . പോകുന്ന വഴികളിലെല്ലാം മലകൾ ഇടിഞ്ഞു വീണിരിക്കുന്നത് കാണാം. തീരെ കനമില്ലാത്ത പൊടിപോലുള്ള മണ്ണ് രൂപപെട്ടുണ്ടായിരിക്കുന്ന മലകളാണ് . അതു കൊണ്ടു തന്നെ എപ്പോഴും മലയിടിച്ചിൽ ഉണ്ടാകാം . റോഡിൽ  പലഭാഗത്തും അപായ സൂചന ബോർഡുകൾ കാണാം . മലകൾ കയറിയും ഇറങ്ങിയും വീണ്ടും  കയറിയും യാത്ര തുടർന്നു കൊണ്ടേ ഇരിക്കുന്നു . ബസിൽ നല്ല തിരക്കായതു കൊണ്ടു എനിക്കു ക്യാമെറ ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ  എടുക്കാനോ ഫോട്ടോ എടുക്കാനോ സാധിക്കുന്നില്ല, ഋഷികേശിൽ നിന്നും മോട്ടോർ സൈക്കിൾ വാടകയ്ക്കു കിട്ടും 400 മുതൽ 1200 വരെ ഒരു ദിവസത്തേക്ക് വാടക. അതായിരുന്നേൽ ഇഷ്ടമുള്ളിടങ്ങളിലെല്ലാം നിർത്തി ഫോട്ടോ എടുത്തെടുത്തു സഞ്ചരിക്കാമായിരുന്നു  ധാരാളം ആളുകൾ അങ്ങനെ ബൈക്കിൽ പോകുന്ന്തു കാണാം . 245 കിലോ മീറ്റർ  ഉണ്ട് കേദാർനാഥ് വരെ. 5-6 മണിക്കൂർ എടുക്കുമായിരിക്കും, ഞാൻ മനസിൽ കണക്കു കൂട്ടി.  യാത്രയിലെ കാഴ്ചകൾ രസകരങ്ങളായിരുന്നു , അംബര ചുംബികളായ മലകൾ , മലകളെ തൊട്ടു തലോടി വിശേഷങ്ങൾ പങ്കു വച്ചു കടന്നു പോകുന്ന മേഘ കൂട്ടങ്ങൾ . ചില സ്ഥലങ്ങൾ നമ്മെ പേടിപെടുത്തും. കഷ്ടിച്ചു ഒരു വാഹനത്തിനു മാത്രം കടന്നു പോകാവുന്ന വീതിയേ വഴികൾക്കുള്ളു . എതിരെ വാഹനങ്ങൾ വരുമ്പോൾ അതിനു കടന്നു പോകാനായി  റോഡിന്റെ സൈഡിൽ ചേർക്കുമ്പോൾ  താഴേക്കു നോക്കുമ്പോൾ പേടി തോന്നും.

10.30 ആയപ്പോൾ  ദേവപ്രയാഗ് എത്തുന്നതിനു മുമ്പുള്ള ഒരു വളവു കഴിഞ്ഞു വാഹനം നിർത്തി. ഭക്ഷണം കഴിക്കാനുള്ള സമയമാണ്. വലതു വശത്തായി കുറെ ഹോട്ടലുകൾ . അങ്ങോട്ടും തിരിച്ചും ഉള്ള കുറെ വാഹനങ്ങൾ അവിടെ നിർത്തിയിട്ടുണ്ട് , വണ്ടി നിർത്തിയത് കണ്ടപ്പോൾ ഹോട്ടലുകളിൽ നിന്നും ആളുകൾ ഇറങ്ങി വന്നു  ഭക്ഷണത്തിന്റെ വിശേഷങ്ങൾ പറയുവാൻ തുടങ്ങി. റൊട്ടി (നല്ല കനത്തിൽ ഉള്ള  ചപ്പാത്തി പോലെ ) ആണ് പ്രധാന ഭക്ഷണം . ഞാൻ ഒരു ചായ കിട്ടുമോ എന്നറിയാൻ പല ഹോട്ടലുകൾ മാറി മാറി കയറി, രക്ഷയില്ല , ബസ് വീണ്ടും പുറപ്പെടും വരെ വെളിയിൽ മല നിരകളെയും നോക്കി ഞാൻ നിന്നു..

11 മണി കഴിഞ്ഞപ്പോ ദേവപ്രയാഗ് എത്തി. ഇവിടെ നിന്നാണ്  രണ്ടായി ഒഴുകി വരുന്ന അളകനന്ദ , ഭാഗീരഥി എന്നെ നദികൾ ഒന്നു ചേർന്നു പിന്നീട് ഗംഗാ എന്ന പേരിൽ അറിയപ്പെടുന്നത് .10000 ഓളം വർഷം പഴക്കമുള്ള ഒരു ക്ഷേത്രമുണ്ടിവിടെ. രഘുനാഥജി ക്ഷേത്രം ബസിൽ ആയിരുന്നത് കൊണ്ട് അവിടെ ഇറങ്ങി അതൊക്കെ ഒന്നു കാണുവാൻ എനിക്കു സാധിച്ചില്ല,

പിന്നീട് ബസ് ശ്രീനഗറിൽ എത്തിച്ചേർന്നു  അളകാന്ദ നദിയുടെ തീരത്തുള്ള ഈ പട്ടണം ഹിന്ദു പുരാണങ്ങളിലെ ഒരു പ്രധാന സ്ഥലമായിരുന്നു . ഈ സ്ഥലത്തിന്റെ പുരാതന നാമം ശ്രീ യന്ത്ര എന്നായിരുന്നു.ഏറെ വികസിച്ചിട്ടുള്ള പട്ടണമാണ് ശ്രീനഗർ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രം ആണിപ്പോൾ ഇവിടം .ഈ യാത്രയിലെ, കാഴ്ചയിൽ ഏറ്റവും ഭംഗിയുള്ള സ്ഥലവുമാണ് ശ്രീനഗർ. ഹിമാലയൻ സാനുക്കളിലെ വശ്യ മനോഹാരിത ശ്രീനഗറിലെ മലയിടുക്കിലൂടെ സഞ്ചരിക്കുമ്പോൾ ആസ്വദിക്കാൻ കഴിയും. 3.30 ഒടുകൂടി രുദ്രപ്രയാഗിൽ എത്തി. അളകനന്ദ നദി മന്ദാകിനി നദിയുമായി ചേരുന്ന സ്ഥലമാണ് രുദ്രപ്രയാഗ് . നാരദൻ സംഗീതം പഠിക്കാനായി ശിവനോട് പ്രാർഥിച്ചത് ഇവിടെ വച്ചാണെന്നും സംഗീതത്തിന്റെ ദേവനായ രുദ്രനായി അവതരിച്ചു ശിവൻ നാരദനെ സംഗീതം പഠിപ്പിച്ചുവെന്നും പുരാണം . ഇവിടെ നിന്നും 86 കിലോമീറ്റർ ഉണ്ട് ഇനിയും കേദാര്നാഥിലേക്ക്. ഇനി കേദാര്നാഥിലേക്കുള്ള യാത്രയിൽ നമ്മുക്ക് കൂട്ടായി ഒഴുകുന്നത്  മന്ദാകിനി നദി ആണ്

ഗുപ്തക്ഷിയും പിന്നിട്ടു 5.30 ആയപ്പോൾ ബസ് സോനപ്രയാഗിൽ എത്തി. ഇവിടം വരെയേ ബസ് സർവീസ് ഉള്ളു. ശിവന്റെയും പാർവതിയുടെയും വിവാഹം നടന്ന സ്ഥലം എന്ന പേരിലാണ് സോൻപ്രയാഗ് അറിയപ്പെടുന്നത് . മന്ദാകിനി നദിയും ബസുകി നദിയും കണ്ടുമുട്ടുന്നത് സോനപ്രയാഗിലാണ്. ഒരു ചെറിയ പട്ടണമാണ് സോനപ്രയാഗ്. കുറെ കടകളും ചെറിയ താമസ സൗകര്യങ്ങളും ഒക്കെ ഉള്ള ചെറു പട്ടണം. കേദാർനാഥ് തീർത്ഥാടനത്തിന് എത്തുന്ന യാത്രികർക്ക് സഹായവും നിർദ്ദേശങ്ങളുമായി പോലീസ്  ചെക്‌പോസ്റ് വലതു  വശത്തായി കാണാം  . ഫ്രീ വൈഫൈ സൗകര്യം  ഉണ്ടിവിടെ . ഓഫീസിൽ ചെന്നു തിരിച്ചറിയൽ രേഖ കാണിച്ചപ്പോൾ എന്റെ ഫോട്ടോ ത്തിനു ശേഷം ബയോ മെട്രിക് കാർഡ് തന്നു. ഇതു ഇവിടെയും കേദാര്നാഥും ഉള്ള ചെക്ക്‌പോസ്റ്റുകളിൽ കാണിക്കണം , ഇതു നല്ലതാണ് , എത്ര ആളുകൾ വരുന്നു പോകുന്നു എന്നു കൃത്യമായി അറിയുവാൻ കഴിയും. തിരിച്ചു പോകാനുള്ള ബസിന്റെ സമയം അന്വേഷിച്ചു . രാവിലെ 5 മണിക്കും 7 മണിക്കും ഹരിദ്വാറിലേക്കു ബസ് സർവീസ് ഉണ്ട്. ടിക്കറ്റ് ഓഫീസിൽ നിന്നു മുൻകൂർ ബുക്കു ചെയ്യാം.

ഞാൻ  ഗൗരീകുണ്ഡിൽ  മുറി ബുക്കു ചെയ്തിരുന്നു GMVN (Garhwal Mandal Vikas Nigam) , ഒരു സർക്കാർ സ്ഥാപനമാണ്, ഗൗരികുണ്ട് ഇവിടുന്നു ഇനിയും 5 കിലോമീറ്റർ ഉണ്ട് . ജീപ്പ് സൗകര്യം ഉണ്ട് , ഒരാൾക്ക് 20 രൂപ കൊടുക്കണം. ചെക്‌പോസ്റ്റിൽ ബയോ മെട്രിക്ഡ് കാർഡ്  കാണിച്ചു ഞാൻ പോകാൻ തയാറായി നിർത്തിയിരുന്ന ഒരു ജീപ്പിൽ  സ്ഥാനം പിടിച്ചു . മലയിടിക്കിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡിൽ കൂടി ജീപ്പ് പാഞ്ഞു . ഒരു സൈഡിൽ ഹുംകാരവത്തോടെ മന്ദാകിനി ഒഴുക്കുന്നു. പാറകളിൽ തട്ടി തെറിച്ചു ഒഴുകുന്ന അതിന്റെ ശബ്ദം മാത്രം കേൾക്കാം  ജീപ് ഗൗരികുണ്ടിലെത്തിയപ്പോൾ തീർത്ഥാടനം കഴിഞ്ഞു തിരികെ പോകാനായി ജീപ്പ്  കാത്തു നിൽക്കുന്ന ആളുകളുടെ നീണ്ട  ക്യൂ കാണാമായിരുന്നു.

എനിക്കു താമസിക്കാനുള്ള റൂം അടുത്തു തന്നെ ആയിരുന്നു . വലിയ സൗകര്യമൊന്നും ഇല്ല , തണുപ്പുള്ള സ്ഥലവുമായിരുന്നതിനാലും അടച്ചിട്ടിരുന്നതിനാലും മുറി തുറന്നപ്പോൾ ഒരു പഴമയുടെ മണം. ഗൗരികുണ്ഡ് ശിവ പുരാണങ്ങളിലെ പ്രധാന സ്ഥലമാണ്, ഇവിടെ ഒരു കുളമുണ്ടായിരുന്നു , ഗൗരി (പാർവതി) ഇവിടെ ആണ് താമസിച്ചിരുന്നതെന്നും ശിവൻ അവസാനം പാർവതിയുടെ പ്രണയം അംഗീകരിച്ചതും ഇവിടെ വെച്ചാണെന്ന് വിശ്വസിക്കുന്നു ഇവിടെ വച്ചാണ് ഗണേശന് ആനയുടെ ശിരസ് തന്റെ ശിരസ്സിനു  പകരം ലഭിക്കാനിടയായ സംഭവം നടന്നതെന്നും വിശ്വസിക്കുന്നു . നിർഭാഗ്യ വശാൽ ആ കുളം ഇന്നവിടില്ല, 2013 യിലെ പ്രളയത്തിൽ ഈ സ്ഥലങ്ങളെല്ലാം നശിക്കപെട്ടുപോയി. നിറയെ പച്ചപ്പും മലകളും ഒക്കെ ഉള്ള സ്ഥലമാണ് ഗൗരികുണ്ഡ് . വൈകുന്നേരം 7 മണി വരെയും നല്ല വെളിച്ചമുണ്ട്. കേദാർനാഥ് യാത്രയെ കുറിച്ചു ഞാൻ ചെക്‌പോസ്റ് യിലും കടകളിലും അന്വേഷിച്ചു. രാവിലെ 3 മണി മുതൽ യാത്ര തുടങ്ങാം , 16 കിലോമീറ്റർ ദൂരമുണ്ട് ഇവിടുന്നു, നടന്നു പോകണം. 6 മണി മുതൽ പ്രീ പെയ്ഡ് കൗണ്ടറിൽ പോണി എന്നറിയപ്പെടുന്ന ചെറിയ കുതിര ബുക്കു ചെയ്യാം , ഒരു വശത്തേക്ക് 1200 രൂപയാണ് റേറ്റ്. അതിരാവിലെയാത്ര ആരംഭിക്കാം എന്ന തീരുമാനത്തോടെ ഞാൻ ഉറങ്ങാൻ കിടന്നു

രാവിലെ 2 മണിക്ക് തന്നെ അലാറം വച്ചു ഞാൻ ഉണർന്നു. നല്ല തണുപ്പ്. ഭാഗ്യം , ചൂടുവെള്ളമുണ്ട്. ഫ്രഷായി ജാക്കറ്റ് ഉം ഷൂസും ഒക്കെ ധരിച്ചു ഞാൻ യാത്രക്ക് തയാറായി. ഞാൻ താമസിച്ചിരുന്ന റൂമിന്റെ താഴെ കാണുന്ന  ചെറിയ വഴിയിലൂടെ ആണ് യാത്ര തുടങ്ങേണ്ടത് , വഴി വിളക്കുകൾ കത്തികിടപ്പുണ്ട്. പോകുന്ന വഴിയിൽ വെളിച്ചമുണ്ടാകുമെന്നു പറഞ്ഞിരുന്നു. ആരെയും കാണാനില്ല. ഞാൻ പതിയെ റോഡിലേക്കിറങ്ങി.  ആളുകൾ യാത്ര തുടങ്ങിയിട്ടുണ്ടാവില്ല, കാത്തു നിൽക്കണോ, , താഴെ മന്ദാകിനി നദിയുടെ ശബ്ദം മാത്രം കേൾക്കാം, നല്ല തണുപ്പുമുണ്ട്, ഇന്നലെ മഴ പെയ്തിരുന്നു എന്നു തോന്നുന്നു, കല്ലു പാകിയ വഴികൾ നനഞ്ഞു  കിടക്കുന്നു . നടക്കാം , ഇപ്പൊ തുടങ്ങിയാൽ നേരം വെളുത്തു വരുമ്പോഴേക്കും അങ്ങു ചെല്ലാമായിരിക്കും. ഞാൻ നടക്കുവാൻ തുടങ്ങി. വഴികൾ നിരപ്പല്ല, ചിലയിടങ്ങളിൽ കുത്തനെ കയറ്റമാണ്. ചെറിയ വീതിയേയുള്ളു, വഴിയിൽ കല്ലു പാകിയിട്ടുണ്ട് , ചില സ്ഥലത്തു പടികളാണ്. വലതു വശം  അഗാധമായ താഴ്ചയാണ് , നദിയുടെ ശബ്ദം കേൾക്കാം. വിളക്കുകൾ അങ്ങിങ്ങായി കത്തുന്നുണ്ട് . ചില ഇടങ്ങളിൽ വെളിച്ചമില്ല, കൈയിലെ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ നടന്നു. ചില സ്ഥലങ്ങളിൽ മല ഇടിഞ്ഞു വീണിട്ടുണ്ട്, നടപ്പു തുടങ്ങിയിട്ട് ഏകദേശം 1 മണിക്കൂർ കഴിഞ്ഞു. വെളിച്ചം വന്നിട്ടില്ല, തണുപ്പും തലേന്ന് പെയ്ത മഴയും.കമ്പിയിൽ പിടിച്ചു നടന്നപ്പോൾ കൈയിൽ ഇട്ടിരുന്ന ഗ്ലോവ്സ് നനഞ്ഞു കുതിർന്നു . ഇത്തിരി അവിവേകമായോ എന്നൊരു തോന്നൽ , നേരം വെളുത്തിട്ടു വന്നാൽ മതിയായിരുന്നു, തിരിച്ചു പോകണോ? അതിനിനിയും കുറെ നടക്കണം . വേണ്ട എന്തായാലും ഇറങ്ങിയതല്ലേ, പോകുന്ന വഴി ചെറിയ കടകൾ പോലെ ചിലതു അടഞ്ഞു കിടക്കുന്നതു കണ്ടു . ആളുകൾ ആരെയും കണ്ടില്ല, കൈയിലെ ക്യാമെറ ബാഗിന് കനം കൂടി കൂടി വരുന്ന പോലെ . അതു തോളുകൾ തോറും മാറി മാറി സഞ്ചരിച്ചു.  GMVN guest house എന്നൊരു ബോർഡ് കണ്ടു വഴിയിൽ , ജംഗ്‌ലെ ചട്ടി  എന്നൊരു സ്ഥലത്തു എത്തിയപ്പോൾ ബോർഡ് കണ്ടു കേദാർനാഥ് 10.5 കിലോമീറ്റർ കൂടി  , ഞാൻ 5 കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞു .

കാലുകൾക്കു വേദന തുടങ്ങി, ബാഗിന്റെ കനവും എല്ലാം കൂടി തളർന്നു, ഞാൻ വഴിയിൽ കണ്ട ഒരു ബെഞ്ചിൽ ഇരുന്നു, എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല, അങ്ങു താഴെക്കൂടി ആരോ വരുന്നതുപോലെ വഴിവിളക്കിന്റെ വെളിച്ചത്തിൽ തോന്നി. ഞാൻ എഴുനേറ്റു നിന്നു, ഉള്ളിൽ ഒരു ചെറിയ പേടി തോന്നി. ഭാര്യയുടെയും മക്കളുടെയും മുഖം മനസിലൂടെ കടന്നു പോയി. എന്തായാലും ധൈര്യം സംഭരിച്ചു നിന്നു, തീർഥാടന സ്ഥലമല്ലേ , മോശം ആളുകൾ ഉണ്ടാവില്ലായിരിക്കും , 100 മീറ്റർ അടുത്തെത്തിയപ്പോഴാണ് വന്ന ആൾ എന്നെ കാണുന്നത് , എന്നെക്കാൾ അയാൾ പേടിച്ചു എന്നു തോന്നി , കാരണം അയാൾ ആരെയും ഈ സമയത്തു പ്രതീക്ഷിച്ചിരുന്നില്ല , ഞാൻ ശിരസ് മൂടിയിരുന്ന തുണിയും ജാക്കറ്റ് ഉം ഊരി എന്റെ മുഖം അയാൾക്ക്‌ വ്യക്തമാകും വിധം നിന്നു, ഞാൻ അപകടകാരിയല്ല എന്നു തോന്നിയിട്ടാവണം അയാൾ എന്റെ അടുത്തു വന്നു, അശോക് , ഹരിയാനയിൽ നിന്നാണ് , താനാണ്  ആദ്യം യാത്ര തുടങ്ങിയത് എന്നായിരുന്നു അശോക് ജിയുടെ ധാരണ , അതാണ് എന്നെ  കണ്ടപ്പോൾ ഞെട്ടിയത്, നടന്നുകൊണ്ടു തന്നെ  ഞങ്ങൾ പരസ്പരം പരിചയപെട്ടു , അശോക് ജി 29 വർഷമായി ഹരിയാനയിലെ ഹീറോഹോണ്ട ഫാക്ടറി യിലെ മെക്കാനിക് ആണ് . എനിക്കു മനസിലാകുവാൻ അറിയാവുന്ന ഇംഗ്ലീഷിൽ അശോക് ജി യും  അശോക് ജി ക്കു മനസിലാകുവാൻ എനിക്കറിയാവുന്ന ഹിന്ദിയിൽ ഞാനും ആശയ വിനിമയം നടത്തി.

ഞങ്ങൾ യാത്ര തുടർന്നു , ഭീംഘാട് എന്നൊരു സ്ഥലത്തെത്തിയപ്പോൾ അകലെയായി വെളിച്ചം കണ്ടു, അടുത്തു ചെന്നപ്പോൾ ഒരു കടയാണ്, നിറയെ സാധനങ്ങൾ  അടുക്കി വച്ചിരിക്കുന്നു.പല നിറത്തിലുള്ള പാനീയങ്ങൾ, ചായ ഉണ്ടോന്നു ചോദിച്ചപ്പോൾ  ഇരുന്നാൽ ഉണ്ടാക്കി തരാമെന്നു പറഞ്ഞു, ആ സമയത്തു ആ തണുപ്പിൽ  ഒരു ചായ എന്തുകൊണ്ടും നല്ലതായിരുന്നു, ആസ്വദിച്ചു കുടിച്ചു, 20 രൂപ ഒരു ചായക്ക്‌, 🙂 ചായ കുടിച്ചു ഞങ്ങൾ വീണ്ടും യാത്ര തുടർന്നു, നേരം പര പരാ വെളുത്തു വരുന്നു, സമയം 5 മണി കഴിഞ്ഞതേ ഉള്ളു. ഇനിയും ഉണ്ട് ഒരു പാട് ദൂരം താണ്ടുവാൻ. എന്റെ കാൽ മുട്ടുകൾക്കു വേദന തോന്നി തുടങ്ങി, താഴെയുള്ള അഗാധമായ ഗർത്തങ്ങളെ നടപ്പാതയുമായി വേർതിരിക്കുന്ന കമ്പിയിൽ പിടിച്ചു ഞാൻ നടക്കുവാൻ തുടങ്ങി. എന്റെ ബുദ്ധിമുട്ടു കണ്ടു അശോക് ജി എന്തൊക്കെയോ തമാശ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു 🙂 .

ദൂരെ ഞങ്ങൾക്ക് കീഴടക്കുവാനുള്ള മലകൾ തെളിഞ്ഞു തുടങ്ങി, നടപ്പിന് വേഗം കൂടി, പ്രളയം അവശേഷിപ്പിച്ച പാറക്കൂട്ടങ്ങളും മലയിടിച്ചിലിന്റെ അവശിഷടങ്ങളും അവിടവിടെ ആയി , ഇടയ്ക്കൊരിടത്തു വച്ചു മന്ദാകിനി നദി കുറുകെ കടന്നു വേണം പോകുവാൻ , അതിനായി പാലം പണിതിട്ടുണ്ട്, ഇപ്പോഴുള്ള പാലം കാലപ്പഴക്കം ഉളളതുകൊണ്ടു അടുത്തായി മറ്റൊരു  തടിപ്പാലം കൂടി പണിതിരിക്കുന്നു. ആ പാലത്തിൽ നിന്നു കൊണ്ടുള്ള നദിയുടെ കാഴ്ച ഭീകരമാണ്, രണ്ടു വശത്തും ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന മലകൾ. അതിൽ പല ഭാഗങ്ങളും അടർന്നു വീണിരിക്കുന്നു, നദിയിൽ മുകളിൽ നിന്നും വന്നു പതിച്ചിരിക്കുന്ന ഭീമാകാരങ്ങളായ പാറക്കൂട്ടങ്ങൾ, അതിപ്പോൾ നമ്മുടെ മേലെയും വന്നു വീഴുമെന്ന് തോന്നി, പാലം കഴിഞ്ഞുള്ള 4-5 കിലോമീറ്റർ കുത്തനെ ഉള്ള കയറ്റങ്ങളാണ്, കാൽമുട്ടുകൾ താടിയിൽ വന്നിടിക്കും പോലെ , മുകളിൽ നിന്നും ചെറിയ കുതിരകൾ ഇറങ്ങി വരുന്നു, 3-4 കുതിരകളുടെ കൂടെ ഒരാളുണ്ട്, അതിന്റെ പുറത്തു ഇരു വശത്തും ചാക്കുകൾ അടുക്കി വച്ചിരിക്കുന്നു. താഴെ നിന്നും സാധനങ്ങൾ കൊണ്ടു വരാൻ പോവുക ആകും. കുറച്ചു കൂടി നടന്നപ്പോൾ വിശ്രമിക്കാൻ ഒരു സ്ഥലം കണ്ടു, . 4 ഇരുമ്പു തൂണുകളിൽ മുകളിൽ ഷീറ്റ്  ഇട്ടിരിക്കുന്ന ഒരു കൂര, അവിടെ കുറച്ചു സമയം ഇരുന്നു. പിന്നെയും  മുകളിലോട്ടു കയറിയപ്പോൾ വഴിയുടെ ഒരു വശത്തു മലകളിൽ മഞ്ഞു പറ്റിപിടിച്ചിരിക്കുന്നത്  കണ്ടു .

ദൂരേക്കു നോക്കിയപ്പ്പോൾ മഞ്ഞു പൊതിഞ്ഞ മലകൾ ദൃശ്യമായി തുടങ്ങി , അതൊരു അനുഭവമായിരുന്നു, നേരെ മുമ്പിലായി ചുറ്റും പച്ചപ്പ്‌ നിറഞ്ഞ മലകൾക്കു നടുക്കായി അകലെയായി മഞ്ഞു പൊതിഞ്ഞ മല നിരകൾ.

മഞ്ഞു വീശുന്നുണ്ട്, അതു മഞ്ഞു മലകളുടെ കാഴ്ച  ഞങ്ങളിൽ നിന്നും ഇടക്കിടെ മറയ്ക്കുന്നുണ്ട് . ലക്ഷ്യസ്ഥാനം അടുക്കുന്നതിന്റെ  ആവേശത്തിൽ ഞങ്ങൾ  നടക്കുവാൻ തുടങ്ങി, വലതു വശത്തായി ചെറിയ ഓഫീസ് ഉം കുതിരയെ കെട്ടിയിടാൻ ഉളളത് പോലെ ചില സ്ഥലങ്ങളും കണ്ടു, പക്ഷെ ആരെയും അവിടെ കണ്ടില്ല, കുറച്ചു കൂടി നടന്നപ്പോൾ ബേസ് ക്യാമ്പ് എന്നു ബോർഡ് കണ്ടു, നോക്കിയപ്പോൾ വലതു വശത്തായി നിറയെ ടെന്റുകൾ , പല വലിപ്പത്തിലും നിലവാരത്തിലും ഉള്ളവ , അതിനു പുറകിലായി ഈ ടോയ്‍ലെറ്റുകൾ . നടക്കുന്ന വഴികളിൽ ശുചീകരണത്തിനായി ആളുകൾ നിൽപ്പുണ്ട്, ഒരു പേപ്പർ വീണാൽ അവരതെടുത്തു മാറ്റുന്നു. കൊള്ളാം. പട്ടാളക്കാരുടെ യൂണിഫോം പോലുള്ള തുണികൾകൊണ്ടുള്ള റെന്ററുകളാണ് , ചിലതു വെള്ള കളർ , റെഡ് ക്രോസ്സ് സൊസൈറ്റി യുടെ എംബ്ലം ഉണ്ടതിൽ. അതിനുള്ളിൽ കല്ലുകളിൽ തടിയുടെ പലക ഇട്ടിരിക്കുന്നു, അതാവും കിടക്കാനുള്ള സൗകര്യം. കുറച്ചു കൂടി മുന്പോട്ടു നടന്നപ്പോൾ വേറെ കുറെ ടെന്റുകൾ കണ്ടു , പച്ച കളറിലുള്ള ടെന്റുകൾ. അതു കുറെ കൂടി സൗകര്യമുള്ളതാണെന്നു തോന്നി, അതിനുള്ളിൽ ബെഡ് ഒക്കെ ഉണ്ട്. ഹെലികോപ്ടറുകളുടെ ശബ്ദം കേട്ടു നോക്കിയപ്പോൾ ഇടതു വശത്തു അകലെയായി ഹെലിപാഡും കണ്ടു. 3-4 ഹെലികോപ്റ്ററുകൾ ആളുകളെ കയറ്റുകയും ഇറക്കുകയും  ചെയ്യുന്നു. വലതു വശത്തായി അതിന്റെ ഓഫീസ് കണ്ടു, നല്ല തിരക്കു, വെറുതെ ഒന്നു കയറി, റേറ്റ് തിരക്കിയപ്പോൾ 3000/- രൂപ. പക്ഷെ ബുക്കിങ് തീർന്നിരിക്കുന്നു, മഞ്ഞുള്ളപ്പോൾ ഹെലികോപ്റ്റർ സൗകര്യം ഉണ്ടാവില്ല. ഇവിടെ നിന്നു നോക്കുമ്പോൾ അകലെയായി കേദാർനാഥ് ക്ഷേത്രം കാണാം.

ആ സ്ഥലം കഴിഞ്ഞു കുറച്ചു കൂടി മുന്പോട്ടു പോയപ്പോൾ ചെക്‌പോസ്റ് കണ്ടു, അവിടെ കാർഡ് കാണിച്ചു , കടന്നു പോകാൻ അനുമതി കിട്ടി , ഇതിപ്പോൾ  മലയുടെ മുകളിലുള്ള സമതല പ്രദേശമാണ് . ഇരുവശവും പ്രളയത്തിൽ തകര്ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ കാണാം . നടപ്പാത ചെന്നെത്തുന്നത് ഒരു ചെറിയ പാലത്തിലേക്കാണ് , പാലത്തിനു താഴേക്കു കൂടി നദി ഒഴുകുന്നു നദി കടന്നു ചെല്ലുന്നതു കേദാർനാഥ് ക്ഷേത്രത്തിന്റെ മുമ്പിലേക്കാണ് .കൺമുമ്പിൽ ക്ഷേത്രം വളർന്നു വളർന്നു വലുതായി വരും പോലെ . ക്ഷേത്രത്തിന്റെ പുറകിലായി മഞ്ഞു കൊണ്ടു മൂടിയ മല നിരകൾ. ആ കാഴ്ച ഒരു അനുഭവം തന്നെ ആണ്, നമ്മൾ ഏതു മത വിശ്വാസിയും ആയിക്കൊള്ളട്ടെ. മനസു ഒരു പൂപോലെ ആകുന്ന അവസ്ഥ , ആ മലകൾക്കും അപ്പുറം ലോകം അവസാനിക്കുന്നത് പോലെ തോന്നും.

അവിടെ ആ ക്ഷേത്രം മാത്രം തല ഉയർത്തി നിൽക്കുന്നു. സമീപത്തായി തകർന്നു പോയ ഏതോ പൗരാണികതയെ അനുസ്മരിപ്പിക്കുന്ന കുറെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ .

അധികം തിരക്കില്ല, ആളുകൾ വന്നു തുടങ്ങുന്നതേ ഉള്ളു. അടുത്തു കണ്ട പൈപ്പിൽ നിന്നും കുറെ വെള്ളമെടുത്തു മുഖത്തൊഴിച്ചു, തണുത്ത വെള്ളം മുഖത്തു വീണപ്പോൾ എന്തൊരു സുഖം. ഇരുവശങ്ങളിലുമായി രണ്ടു മൂന്നു ബെഞ്ചുകൾ നിരത്തിയിട്ടുണ്ട്, അതിലൊന്നിൽ ഞാനിരുന്നു . നേർത്ത തണുപ്പുള്ള കാറ്റു മുഖത്തു തലോടി കടന്നു പോകുമ്പോൾ എന്തൊരു ആശ്വാസം. ചെരിപ്പുകൾ അവിടെ അഴിച്ചു വച്ചു, 5-8 പടികൾ കയറി വേണം ക്ഷേത്രത്തിന്റെ മുറ്റത്തെത്തുവാൻ.പടികൾ കയറി ചെല്ലുമ്പോൾ  വലതു വശത്തായി കുറച്ചു സന്യാസിമാർ ഇരിപ്പുണ്ട്, അവർ പുക വലിച്ചു കൊണ്ടിരിക്കുന്നു. എന്റെ ക്യാമെറ കണ്ടപ്പോൾ അവര് ‘chillum ‘ പിടിച്ചു കൊണ്ടു തന്നെ ഫോട്ടോക്ക് പോസ്സ് ചെയ്തു. നേരെ മുമ്പിൽ പൂക്കൾ കൊണ്ടു അലങ്കരിച്ച ഒരു കവാടം ആണ്, അതിൽ മധ്യത്തായി ഭീമാകാരമായ ഒരു മണി തൂക്കി ഇട്ടിരിക്കുന്നു. വശങ്ങളിലായി ചെറിയ കുറെ മണികളും. ഉച്ചത്തിൽ ഒരു മണിനാദം സൃഷ്ടിച്ചുകൊണ്ട് ഞാൻ അകത്തേക്ക് നടന്നു, ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിൽ മെറ്റൽ ഡിറ്റക്ടർ പിടിപ്പിച്ചിട്ടുണ്ട്, തോക്കേന്തിയ പട്ടാളക്കാർ കാവൽ നിൽക്കുന്നു.

പ്രകൃതി പ്രതിഷ്ഠയാകുന്ന പര്‍വ്വത ക്ഷേത്രമാണ് കേദാര്‍നാഥ്. ഐതിഹ്യങ്ങളും വിശ്വാസങ്ങളും ശിവക്ഷേത്രമായി ഇതിനെ വിവക്ഷിക്കുമ്പോള്‍, എനിക്കനുഭവപ്പെട്ടത് പ്രകൃതിയുടെ സാന്നിധ്യമാണ്.  വിശ്വാസപ്രകാരം ഇവിടെ കാളയുടെ മുതുക്, പൂഞ്ഞ ആണ് പ്രതിഷ്ഠ. പാണ്ഡവര്‍ സ്ഥാപിച്ചതാണ് ഇവിടത്തെ പ്രതിഷ്ഠയും, ക്ഷേത്രവും എന്നാണ് വിശ്വസിക്കപ്പെടുന്നത്.

കുരുക്ഷേത്ര യുദ്ധാനന്തരം, പാണ്ഡവര്‍ പാപമോചനത്തിനായി ശിവനെ കാണാന്‍ ശ്രമിക്കുകയും, ശിവന്‍ ദര്‍ശനം നല്‍കാതെ ഒഴിഞ്ഞു നടക്കുകയും, കേദാര്‍ന്നാഥില്‍ ശിവനുണ്ടെന്ന് അറിഞ്ഞു പാണ്ഡവര്‍ ഇവിടെയെത്തുകയും, ശിവന്‍ ഒരു കാളയുടെ രൂപം ധരിച്ച് മേഞ്ഞുനടന്നിരുന്ന കാളക്കൂട്ടത്തില്‍ ഒളിച്ചു നില്‍ക്കുകയും ചെയ്തുവത്രെ. പര്‍വ്വതങ്ങളില്‍ കാലുറപ്പിച്ചു നിന്ന ഭീമസേനനു കൂട്ടത്തിലെ ശിവനെ മനസ്സിലാവുകയും, അപ്പോഴേക്കും ശിവന്‍ ഭൂമിക്കടിയില്‍ മറയാന്‍ ശ്രമിക്കുകയും ചെയ്തു. ഭീമനു പിടുത്തം കിട്ടിയതു ഋഷഭത്തിന്റെ മുതുകില്‍ ആണ്. പഞ്ചകേദാരങ്ങളിലെ ഈ ക്ഷേത്രത്തില്‍ അങ്ങനെയാണ് ശിവസങ്കല്‍പ്പം കാളയുടെ പൂഞ്ഞ രൂപത്തില്‍ ആവുന്നത്. സമാന രൂപത്തില്‍ ഒരു വലിയ പാറയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കേദാര്‍നാഥ് പോലെയുള്ള പ്രകൃതിയുടെ മടിത്തട്ടിലെ ഒരു ക്ഷേത്രത്തില്‍ ഇതിലും നല്ല ഒരു പ്രതിഷ്ഠ സങ്കല്‍പ്പിക്കാനുമാവില്ല. ഭക്തര്‍ക്കു പ്രതിഷ്ഠയില്‍ സ്പര്‍ശിക്കാനും, തലോടാനും, പ്രകൃതിയെ അറിയാനും അനുഭവിക്കാനുമൊക്കെ ഇവിടെ അവസരമുണ്ട്. തികച്ചും ജനകീയം, മതേതരം..! ശങ്കരാചാര്യരുടെ സമാധിസ്ഥലം കേദാര്‍നാഥിലാണ്. ഒരു സമാധി മണ്ഡപം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ധ്യാനസ്ഥരായ ചില കാഷായ വസ്ത്ര ധാരികളെയും ഈ സ്മൃതി മണ്ഡപത്തില്‍ കണ്ടു.

2013 യിലെ പ്രളയത്തിൽ ക്ഷേത്രത്തിനു അധികം കേടുപാടുകൾ സംഭവിച്ചിരുന്നില്ല. എങ്കിലും അറ്റകുറ്റ പണികൾ ഒരു വശത്തായി നടക്കുന്നു. ക്ഷേത്രത്തിന്റെ ഉൾവശം നേരിയ പ്രകാശമേ ഉള്ളു . ഒന്നു പ്രാര്ഥിച്ചില്ല, കുറച്ചു നേരം നിശബ്ദനായി അവിടെ നിന്നു. പുറത്തിറങ്ങിയപ്പോൾ കോട മഞ്ഞു മൂടി തുടങ്ങുന്നു . കാഴ്ചകൾ കണ്ടു കുറെ നേരം കൂടി അവിടൊക്കെ കറങ്ങി നിന്നു. 2 മണി ആയപ്പോൾ ഇനി തിരികെ പോകാം എന്ന് തോന്നി.  ഒരു ചായ കുടിച്ചു 30 രൂപ, തിരിച്ചു നടന്നു ഇറങ്ങാൻ വയ്യ, പ്രീപെയ്ഡ് കൗണ്ടർ ലക്ഷ്യമാക്കി നടന്നു . 1100 /- രൂപ, ചെറിയ കുതിരയിൽ താഴെ ഗൗരികുണ്ട് വരെ. പൈസ അടച്ചു തിരികെ ഉള്ള യാത്രക്ക് തയാറായി. ആകാശത്തിനു രൂപ മാറ്റങ്ങൾ വന്നു തുടങ്ങുന്നു. ചെറിയ ചാറ്റൽ മഴ, തിരിച്ചിറങ്ങുമ്പോൾ കാര്യങ്ങൾ കുറെ കൂടി കഷ്ടമാണ്, ക്ഷേത്രത്തിലേക്ക് നടന്നു വരുന്ന തീർത്ഥാടകരും , കുതിരയിൽ വരുന്നവരും തിരിച്ചിറങ്ങുന്നവരും എല്ലാം കൂടി ചെറിയ വഴിയിൽ കൂടി,  മഴക്ക് കനം കൂടി വരുന്നു, ഗൗരീകുണ്ഡിലുള്ള കടകളിൽ വാങ്ങാൻ കിട്ടുന്ന ഉപയോഗിച്ച ശേഷം കളയാവുന്ന മഴക്കോട്ട് ഒരെണ്ണം കുതിരക്കാരൻ തന്നു. അതു കൊണ്ടു ക്യാമെറ മൂടി. മഴ ആയതു കൊണ്ടു തിരിച്ചുള്ള യാത്രയും കഠിനമായിരുന്നു , ഇറക്കം ഇറങ്ങുമ്പോൾ കുതിരപ്പുറത്തു പുറകിലേക്ക് ചാഞ്ഞിരിക്കണം. കല്ലുകൾ പാകിയ വഴിയിലൂടെ കുതിര എന്നെയും വഹിച്ചു കൊണ്ടു  നടന്നു നീങ്ങി. കോരി ചൊരിയുന്ന മഴയത്തും ആളുകൾ നടന്നു വരുന്നത് കാണാം , ഒറ്റക്കും കൂട്ടമായും. മനസിൽ അവർക്കു വേണ്ടി പ്രാർത്ഥിച്ചു, ഈ യാത്ര പൂർത്തീകരിക്കാൻ അവർക്കു കഴിയണമേ ഈശ്വര എന്ന്. 5-30 ആയപ്പോ ഗൗരീകുണ്ഡിലെത്തി, മഴ നനഞ്ഞ വസ്ത്രങ്ങളെല്ലാം മാറി കുറെ നേരം കിടന്നു. മുട്ടിനു നല്ല വേദന, മഴ തോർന്നിട്ടില്ല, ആളുകൾ അപ്പോഴും നടന്നു നീങ്ങുന്നത്  കാണാം.

നാളെ രാവിലെ 7 മണിക്കുള്ള ബസിനു ഹരിദ്വാർ യിലേക്ക് പോകണം . അവിടെ നിന്ന് ഡൽഹി വഴി തിരികെ തിരുവനന്തപുരം. ഇതൊരു അനുഭവമാണ്, ജീവിതത്തിൽ ഇനി സംഭവിക്കുമോ എന്ന് പറയാൻ കഴിയാത്ത ഒരനുഭവം , ഒരു ടൂറിസ്റ്റിന്റെ മനസോടെ അല്ല , മറിച്ചു ഒരു തീർത്ഥാടക മനസോടെ , മനസിന്‌ ആശ്വാസം ലഭിക്കുമെങ്കിൽ , പാപങ്ങൾക്ക് പരിഹാരം ആകുമെന്നൊരു വിശ്വാസം ഉണ്ടെങ്കിൽ  ,നിറഞ്ഞ മനസോടെ കേദാര്നാഥിലേക്കു ഒരു യാത്ര ആകാം, അവിടുത്തെ പരിമിതികൾ നമ്മുടെ യാത്രക്ക് ഒരു തടസവുമാവില്ല .

യാത്രയെ സംബന്ധിച്ച അഭിപ്രായങ്ങൾക്കു വിളിക്കുക +91 9495059161 , Email | sebanthomas@gmail.com

ജൂൺ 10 ആം തീയതി തിരുവനന്തപുരത്തു നിന്നു യാത്ര തുടങ്ങി  ഹരിദ്വാർ- ഋഷികേഷ്‌- കേദാർനാഥ് സന്ദർശിച്ചു 18 ആം തീയതി തിരികെ എത്തിയ എന്റെ യാത്ര അനുഭവങ്ങൾ ആണിത്, പ്രസിദ്ധീകരണം യോഗ്യമെങ്കിൽ പബ്ലിഷ് ചെയ്യുക. , പേര് സെബാസ്റ്യൻ തോമസ്, തിരുവനന്തപുരം ടെക്നോപാർക്കിൽ ഒരു IT സ്ഥാപനത്തിൽ  ജോലി ചെയ്യുന്നു

Address:

Sebastian Thomas
TC 95/1091-1, Assariparambil-Bethel
Nelikuzhi, Anayara P.O, Trivandrum 695029

About prakriti_htvm

Check Also

Kavalam

Featured Video

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.