നിർദിഷ്ട ലൈറ്റ് മെട്രോയുടെ രൂപ രേഖയിൽ കഴക്കൂട്ടം ടെക്നോപാര്ക്കിനെയും ഉൾപ്പെടുത്തണമെന്ന് ടെക്നോപാർക്കിലെ തൊഴിൽ ദാതാക്കളുടെയും ഉദ്യോഗസ്ഥരുടെയും വിവിധ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ഏകദേശം മുന്നൂറോളം കമ്പനികളായി 45000 ഓളം ഐ ടി തൊഴിലാളികളും അതിന്റെ പകുതിയോളം അനുബന്ധ തൊഴിലിലേർപ്പെട്ടിരിക്കുന്നവരും ജോലി ചെയ്യന്ന ടെക്നോപാർക്കിന്റെ അവഗണിച്ചതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു കഴിഞ്ഞു . ഇപ്പോഴത്തെ നിലയിൽ പള്ളിപ്പുറം ടെക്നോസിറ്റിയിൽ നിന്ന് തുടങ്ങി കഴക്കൂട്ടം എം സി റോഡ് വഴി കാര്യവട്ടം , പാങ്ങപ്പാറ, ഉള്ളൂർ, കേശവദാസപുരം , പട്ടം, തമ്പാനൂർ വഴി കരമന വരെയാണ് റൂട്ട് നിശ്ചയിച്ചിരിക്കുന്നത്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഐ ടി പാർക്കായ ടെക്നോപാർക്കിൽ ദിനം പ്രതി 7500 ഓളം കാറുകളും അതിലേറെ ബൈക്കുകളിലുമായാണ് ഉദ്യോഗസ്ഥർ ജോലിക്കെത്തുന്നത്. ഉദ്യോഗസ്ഥരിൽ ഇരുപതു ശതമാനം ആളുകൾ മെട്രോയെ ആശ്രയിച്ചാൽ തന്നെ 10000 പേർ ദിവസം തോറും യാത്ര ചെയ്യേണ്ടി വരും . ഇത് മെട്രോയുടെ തുടർ വികസനത്തിന് ഏറെ സഹായകമാകും. കഴക്കൂട്ടത്ത് നിന്നും ടെക്നോപാര്ക് ഫേസ് 3 യുടെ സമീപത്തുകൂടി അമ്പലത്തിങ്കര വഴി കാര്യവട്ടത്തു എത്തുന്ന റൂട്ടാണെങ്കിൽ ഇൻഫോസിസ് ഉദ്യോഗസ്ഥർക്കും ഇതേറെ പ്രയോജനപ്പെടും . അതോടൊപ്പം അന്തരീക്ഷ മലനീകരണത്തിനും പാർക്കിലെ പാർക്കിങ് ബുദ്ധിമുട്ടിനും ഇതൊരു പരിഹാരവുമാകും.
ജി ടെക് , പ്രതിധ്വനി പോലുള്ള സംഘടനകൾ ഇതിനോടകം തന്നെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ജന പ്രതിനിധികൾ, മെട്രോ മാൻ എന്നറിയപ്പെടുന്ന ശ്രീ. ഇ എം ശ്രീധരൻ തുടങ്ങിയവർക്ക് ഈ ആവശ്യം ഉന്നയിച്ചു നിവേദനം നൽകി കഴിഞ്ഞു