ദയവു ചെയ്തു ഇവിടെ മെഴുകു തിരികളും ചന്ദന തിരികളും കത്തിക്കരുത് . ഇതൊരു കോൺക്രീറ്റ് പ്രതിമ മാത്രമാണ്.
എസ് എ ടി ആശുപത്രിയുടെ മുമ്പിൽ സ്ഥാപിച്ചിട്ടുള്ള അമ്മയും കുഞ്ഞും പ്രതിമ ഒരു കോൺക്രീറ്റ് ശിൽപം മാത്രമാണെന്നും ഇവിടെ ചികിത്സ തേടി എത്തുന്ന രോഗികളും ബന്ധുക്കളും അന്ധവിശ്വാസത്തിന്റെ പേരിൽ വഞ്ചിതരാകരുതെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
ശാസ്ത്രീയമായി രോഗികൾക്കു ചികിത്സ നൽകുന്ന സ്ഥാപനമാണ് ആശുപതി എന്നും മെഡിക്കൽ കോളേജിന്റെ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്രതിമയുടെ മുമ്പിൽ അന്ധ വിശ്വാസത്തിന്റെ പേരിൽ മെഴുകു തിരികളും ചന്ദന തിരികളും കത്തിക്കുന്നത് ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുമെന്നുംപ്രിൻസിപ്പൽ അറിയിച്ചു.
അടുത്ത കാലത്തായി ആളുകൾ ഇതിന്റെ മുമ്പിൽ തിരികൾ കത്തിക്കുന്നത് പതിവാക്കിയ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു അറിയിപ്പ്. ഈ പ്രതിമയുടെ മുമ്പിൽ തിരികൾ കത്തിച്ചാൽ സുഖ പ്രസവം നടക്കും എന്നൊരു തെറ്റിദ്ധാരണ ആളുകളുടെ ഇടയിൽ പടർന്നിരുന്നു. അത്തരം അന്ധവിശ്വാസങ്ങളിൽ ആളുകൾ പെട്ടുപോകരുതെന്നും അഭ്യര്ത്ഥിച്ചു . ഇതിന്റെ സമീപത്തായാണ് ഓക്സിജൻ പ്ലാന്റ്, അത്യാഹിത വിഭാഗം , ബ്ലഡ് ബാങ്ക് തുടങ്ങിയവ സ്ഥിതി ചെയ്യുന്നത് .
1990 കളിൽ മെഡിക്കൽ കോളേജിലെ തന്നെ ജീവനക്കാരനായിരുന്ന ശില്പി ആര്യനാട് രാജേന്ദ്രനാണ് ഈ പ്രതിമ നിർമ്മിച്ചത് . കരിങ്കല്ല് , ചുടുകല്ല്, കോൺക്രീറ്റ് തുടങ്ങിയവ ഉപയോഗിച്ച് 7 മാസം കൊണ്ടാണ് പണി പൂർത്തിയാക്കിയത് . മുണ്ടും ബ്ലൗസും ധരിച്ച ഒരു ശരാശരി വീട്ടമ്മയെയും കുഞ്ഞിനേയുമാണ് ഈ പ്രതിമ പ്രതിനിധാനം ചെയ്യുന്നത്. മുലയൂട്ടുന്ന സമയത്തു അമ്മക്ക് കുഞ്ഞിനോടുള്ള സ്നേഹവും വാത്സല്യവും ആത്മ സംതൃപ്തിയുമെല്ലാം ഈ ആവിഷ്കാരത്തിലൂടെ നമ്മുക്ക് കാണാൻ കഴിയും.