തിരുവനന്തപുരം : മലയാളികളുടെ ഭക്ഷണ ക്രമങ്ങളിൽ പ്രീയങ്കരമായ ഒന്നാണ് ആവി പറക്കുന്ന പുട്ടും കറിയും.
തലസ്ഥാനവാസികൾക്കായി എക്കാലവും വൈവിധ്യമാർന്ന ഭക്ഷ്യമേളകൾ സംഘടിപ്പിക്കുന്ന കെടിഡിസി ഇക്കുറി പുട്ടുകളുടെ മേള – “പുട്ടോപ്യ’ മസ്ക്കറ്റ് ഹോട്ടലിലെ സായാഹ്ന ഓപ്പണ്‍ റസ്റ്റോറന്റിൽ ഒരുക്കുന്നു.
ഏപ്രിൽ 21 മുതൽ 29 വരെ വൈകുന്നേരം അഞ്ചു മുതൽ 11 വരെയാണ് പുട്ടോപ്യ മേള നടക്കുക. മുപ്പതിൽപരം പുട്ടുകളുടെ നിരയാണ് പുട്ടോപ്യയിൽ ഒരുക്കിയിട്ടുള്ളത്.
കെടിഡിസിയുടെ പരിചയസന്പന്നരായ പാചകക്കാരുടെ മേൽനോട്ടത്തിൽ തയാറാക്കുന്ന ഭക്ഷ്യവിഭവങ്ങൾ ഗുണനിലവാരത്തോടൊപ്പം രുചികരവുമാണ്. പഞ്ചവർണപുട്ട്, ബിരിയാണി പുട്ട്, അറബിപുട്ട്, നവരസപുട്ട്, മുട്ടപുട്ട്, ബീഫ് പുട്ട്, ചിക്കൻപുട്ട്, കൊത്തുപുട്ട് (ചിക്കൻ ആൻഡ് മുട്ട), ചിക്കൻ ടിക്ക മസാലപുട്ട്, കണവപുട്ട്, കൊഞ്ച് പുട്ട്, അരി പുട്ട്, ഗോതന്പ് പുട്ട്, ചിരട്ടപ്പുട്ട്, കോണ്പുട്ട്, വെജിറ്റബിൾ കൊത്തുപുട്ട്, പനീർപുട്ട് എന്നിങ്ങനെ നീളുന്നു.
കൂടാതെ കുട്ടികൾക്കായി ചോക്ലേറ്റ് പുട്ട്, സ്ട്രോബെറി പുട്ട്, ചോക്ലേറ്റ് ആൻഡ് സ്ട്രോബെറി പുട്ട് എന്നിവയും ഒരുക്കിയിരിക്കുന്നു.
രുചിവൈവിധ്യത്തിന്റെ പുട്ടുനിരയ്ക്കൊപ്പം പയർ, പപ്പടം, ചുക്കുകാപ്പി എന്നിവയും ലഭിക്കും. 70 രൂപ മുതൽ 150 രൂപവരെയാണ് പുട്ടുകളുടെ വില.പുട്ടിനൊപ്പം രുചിക്കൂട്ടുകൾ വേറെയുമുണ്ട്. കടലക്കറി, വെജിറ്റബിൾ മപ്പാസ് എന്നിവയോടൊപ്പം നോണ്‍ വെജ് ഇഷ്ടപ്പെടുന്നവർക്കായി കോഴിചുട്ടത്, ബീഫ് പെരളൻ, ആട് തേങ്ങാക്കൊത്ത് കുരുമുളക് മസാല, മീൻ മുളകിട്ടത്, താറാവ് മപ്പാസ്, ചെമ്മീൻ തീയൽ, ചിക്കൻ കിളിക്കൂട് തുടങ്ങിയവയും ലഭിക്കും.
60 രൂപ മുതൽ 170 രൂപവരെയാണ് ഇവയുടെ വില. ഇതിനു പുറമെ നെയ്യിൽ വഴറ്റിയ പഴവും ഐസ്ക്രീമും പായസവും ലഭ്യമാണ്.
മേളയിൽ നടത്തുന്ന നറുക്കെടുപ്പിൽ തെരഞ്ഞെടുക്കുന്ന കുടുംബങ്ങൾക്ക് കെടിഡിസിയുടെ റിസോർട്ടുകളിൽ രണ്ടു രാത്രി/ മൂന്നു പകൽ താമസവും ഭക്ഷണവും സൗജന്യമായി നൽകും. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും മാനേജർ, മസ്ക്കറ്റ് ഹോട്ടൽ, തിരുവനന്തപുരം. ഫോണ്‍ : 0471-2318990/2316105.