തിരുവനന്തപുരം∙ മേനംകുളത്തെ മജിസ്ട്രേട്ടീവ് ബംഗ്ലാവിൽ മോഹൻലാൽ വീണ്ടും എത്തി. ‘വെളിപാടിന്റെ പുസ്തകം’ സിനിമ ചിത്രീകരണത്തിനുവേണ്ടി ആയിരുന്നു രണ്ടാംവരവ്. പതിനൊന്നു വർഷത്തിനു ശേഷമാണു ലാൽ ഇവിടെ എത്തുന്നത്. മുൻ എംഎൽഎയും റിട്ട.മജിസ്ട്രേട്ടുമായിരുന്ന ജെസി മൊറൈസിന്റെ ഇരുനില വീടാണു മജിസ്ട്രേട്ടീവ് ബംഗ്ലാവ്. മഹാസമുദ്രം ഷൂട്ടിങ്ങിനായി 2006ലാണു ലാൽ ഇവിടെ ആദ്യം എത്തിയത്. ചിത്രത്തിലെ ഒരു പ്രധാന സംഘട്ടന രംഗമായിരുന്നു അന്നു ചിത്രീകരിച്ചത്.
മുണ്ടുമടക്കിയുടുത്തു പങ്കായം കൊണ്ട് എതിരാളികളെ നേരിട്ട ഇസഹാക്കിനെ ഇന്നും ഇവർ മറന്നിട്ടില്ല. ഒറ്റദിവസത്തെ ഷൂട്ടിങ് ആയിരുന്നെങ്കിലും മഹാസമുദ്രത്തിന്റെ ചിത്രീകരണം നാട്ടുകാരെ ഒന്നാകെ ഇളക്കി മറിച്ചു. വീണ്ടും ഒരു സിനിമ ഷൂട്ടിങ്ങിനായി നീണ്ട കാത്തിരിപ്പിലായിരുന്നു പ്രദേശം. അന്ന് ഇസഹാക്കായും ഇന്നലെ പ്രഫ.മൈക്കിൾ ഇടിക്കുളയായും നാട്ടുകാരെ വിസ്മയിപ്പിക്കാൻ ലാലിനു കഴിഞ്ഞു. മനംമയക്കുന്ന ചിരിയുമായി ആരാധകരെ എന്നും ഞെട്ടിക്കാറുള്ള ലാൽ ഇന്നലെയും അത് ആവർത്തിച്ചു. രാവിലെ ഷൂട്ടിങ് വാഹനങ്ങൾ എത്തിയപ്പോഴാണു ലാലിന്റെയും സംഘത്തിന്റെയും വരവ് നാട്ടുകാർ അറിഞ്ഞത്. മിനിറ്റുകൾക്കം തന്നെ ഇഷ്ടനായകൻ മജിസ്ട്രേട്ടീവ് ബംഗ്ലാവിലുണ്ടെന്നു വാർത്ത പരന്നു. ലാൽ അവതരിപ്പിക്കുന്ന മൈക്കിൾ ഇടിക്കുള വക്കീലിനെ കാണാനെത്തുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്.
സംവിധായകൻ ലാൽജോസും സംഘവും പത്തുമണിയോടെ സെറ്റ് ക്രമീകരിച്ചു. പിന്നാലെ ലാലും മറ്റ് അഭിനേതാക്കളും എത്തി ഷോട്ടിലേക്കു കടന്നു. മിനിറ്റുകൾകക്കം തന്നെ സീൻ ചിത്രീകരണം പൂർത്തിയാക്കി. പിന്നെ അധിക സമയമെടുക്കാതെ സിനിമ സംഘം മടങ്ങി. മൈക്കിൾ ഇടിക്കുള എന്ന കഥാപാത്രമാണു ലാലിന്. അങ്കമാലി ഡയറീസിലെ ലിച്ചിയിലൂടെ പ്രേക്ഷക ഹൃദയം കവർന്ന അന്ന രേഷ്മയാണു നായിക. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും തുമ്പ സെന്റ്സേവ്യേഴ്സ് കോളജിലാണു ചിത്രീകരിക്കുന്നത്.
ബെന്നി പി.നായരമ്പലത്തിന്റെതാണു തിരക്കഥ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണു ചിത്രം നിർമിക്കുന്നത്. ചലച്ചിത്രപ്രേമികൾ ഏറെക്കാലമായി ആഗ്രഹിക്കുന്നതാണു മോഹൻലാൽ–ലാൽജോസ് കൂട്ടുകെട്ട്. ലാലിനെ നായകനാക്കി ഒരു സിനിമ ഇനി എന്നെന്ന ചോദ്യം ലാൽജോസും ഏറെനാളായി നേരിട്ടിരുന്നു. ഭൂരിഭാഗവും തലസ്ഥാനത്താണു ചിത്രീകരണം. പെരുമാതുറ മുതലപ്പൊഴിയും പ്രധാന ലൊക്കേഷനായി. മോഹൻലാൽ ചിത്രമെന്നു കേൾക്കുമ്പോഴേ പ്രക്ഷേകർക്ക് ആകാംക്ഷയേറും. സ്വന്തം നാട്ടിൽ ചിത്രീകരിച്ച സിനിമയാകുമ്പോൾ അത് പിന്നെയും ഇരട്ടിക്കും.
(കടപ്പാട് : മനോരമ ഓൺലൈൻ )