Thursday , January 23 2025
Home / Entertainment / നല്ല ഉദാഹരണം സുജാത…

നല്ല ഉദാഹരണം സുജാത…

‘മക്കൾക്ക് തോന്നുന്നതെല്ലാം വിളിച്ചു പറയാനുള്ള ചവറ്റുപാത്രമാണോ അമ്മ…?’

ആരോടെന്നില്ലാതെ സുജാത ഇതു പറഞ്ഞ് കണ്ണ് നിറയ്ക്കുമ്പോൾ സത്യത്തിൽ പ്രേക്ഷകന്റെ നെഞ്ചിലേക്കാണ് ആ ചോദ്യമുന വന്നു തറയ്ക്കുന്നത്. ആദ്യം കരഞ്ഞെങ്കിലും പതിയെപ്പതിയെ സുജാത തന്നെ അതിനുള്ള ഉത്തരവും നമുക്കു നൽകുന്നുണ്ട്. അതും മികച്ച രീതിയിൽ ആസ്വദിക്കാവുന്ന ഒരു ചലച്ചിത്രാനുഭവത്തിലൂടെ.

നായകനില്ലാതെ, നായകന്റെ നിഴലു പോലുമില്ലാതെ ഒറ്റയ്ക്ക് നായികയുടെ ചുമലിലേറി അവസാനം വരെ മടുപ്പില്ലാതെ മുന്നോട്ടുപോകുന്ന ചിത്രമെന്നു തന്നെ വിശേഷിപ്പിക്കാം ‘ഉദാഹരണം സുജാത’യെ. പ്രവീൺ സി.ജോസഫിന്റെ ആദ്യചലച്ചിത്രസംരംഭം കലാമൂല്യമുള്ള മികവുറ്റ ഒരു കുടുംബചിത്രമായി മാറുന്നതും അങ്ങനെയാണ്.

സുജാതയെന്ന ‘നായിക’

തിരുവനന്തപുരം നഗരത്തിലെ ചെങ്കൽച്ചൂള കോളനിയിൽ താമസിക്കുന്ന, ഉപജീവനത്തിനായി വീട്ടുജോലി ഉൾപ്പെടെ നിരവധി ജോലികൾ െചയ്യുന്ന സാധാരണക്കാരിൽ സാധാരണക്കാരിയാണ് സുജാത. ഭർത്താവ് നഷ്ടപ്പെട്ടെങ്കിലും മറ്റൊരു ദാമ്പത്യത്തെ കുറിച്ച് ചിന്തിക്കാത്ത, മകൾക്കായി ജീവിക്കുന്ന അമ്മ. മകളെ പഠിപ്പിച്ച് മികച്ച നിലയില്‍ എത്തിക്കണമെന്ന് ആഗ്രഹിക്കുന്ന അമ്മയ്ക്ക് വിദ്യാഭ്യാസത്തിന്റെ വിലയറിയാത്ത മകളിൽ നിന്നും നേരിടുന്ന വെല്ലുവിളികൾ തന്നെയാണ് ചിത്രത്തിലെ വില്ലൻ. ഈ വില്ലനെ തരണം ചെയ്യാൻ സുജാത സ്വീകരിക്കുന്ന വഴികളാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

കഥാപാത്രങ്ങൾ

സുജാത കൃഷ്ണൻ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മഞ്ജുവാര്യർ ഈ കഥാപാത്രത്തെ ഗംഭീരമാക്കി. ചിത്രം ഇറങ്ങുന്നതിന് മുൻപ് തന്നെ കന്മദം എന്ന ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രത്തോട് താരതമ്യപ്പെടുത്തി നിരവധി ചർച്ചകൾ സജീവമായിരുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമാണ് സുജാത. അത്രയും തന്റേടിയല്ല. അതിനൊപ്പം അല്ലെങ്കിൽ അതിലുമപ്പുറം നിർത്താൻ പറ്റുന്ന ചടുലതയിലാണ് മഞ്ജുവിന്റെ അഭിനയം.

ചിത്രത്തിലെ മറ്റൊരു മുഖ്യ കഥാപാത്രം സുജാതയുടെ മകളായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന അനശ്വരയാണ്. ആതിര കൃഷ്ണൻ എന്ന കഥാപാത്രമായി ഈ കൊച്ചുമിടുക്കിയും തകർത്തഭിനയിച്ചു. ചിത്രത്തിന്റെ അവസാരംഗങ്ങൾ, ഒരുപക്ഷേ ക്ലൈമാക്സ് തന്നെ ഈ കൊച്ചുമിടുക്കിയുടെ ഒതുക്കമുള്ള അഭിനയത്തിൽ ഭദ്രമാവുകയായിരുന്നു.

കണക്ക് മാഷ് ‘കുതിര’യായി ജോജുവും ചലച്ചിത്ര രചയിതാവ് ജോർജ് പോളായി നെടുമുടി വേണുവും കലക്ടറായി മമ്ത മോഹൻദാസും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. ജോജുവിന്റേതാണ് ചിത്രത്തിലെ നർമനിമിഷങ്ങളിലേറെയും. ചെറിയ വേഷങ്ങളേ ഉള്ളൂവെങ്കിലും സുരേഷ് തമ്പാനൂരും അലൻസിയറും ഒട്ടും മോശമാക്കിയില്ല. അഭിജ ശിവകലയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.

സംവിധാനം, തിരക്കഥ

ഒരു നവാഗത സംവിധായകന്റെ ചിത്രമാണിതെന്ന തോന്നൽ ഒരിക്കൽ പോലും ഉണ്ടാക്കിയില്ല എന്നതു തന്നെ സംവിധാനത്തിലെ പ്രവീണ്‍ സി.ജോസഫിന്റെ മികവിന്റെ തെളിവാണ്. ആദ്യ പകുതി അൽപം വേഗം കുറച്ചും കഥാപാത്ര പരിചയപ്പെടുത്തലിനുമുള്ള സമയം കൊടുത്തും ചിത്രീകരിച്ചപ്പോൾ രണ്ടാം പകുതി കുറച്ചു കൂടി ചടുലമായി.

സിനിമയുടെ തിരക്കഥയ്ക്ക് ക്രെ‍ഡിറ്റ് കൊടുത്തിരിക്കുന്നത് ‘നീൽ ബാട്ടേ സന്നാട്ട’ എന്ന ഹിന്ദി  ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കൾക്കാണ്. മലയാളത്തിൽ ചിത്രത്തിന് അഡീഷണൽ സ്ക്രീൻപ്ലേ ചെയ്തിരിക്കുന്നത് നവീൻ ഭാസ്ക്കറും മാർട്ടിൻ പ്രക്കാട്ടും. ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നവീന്‍ ഭാസ്‌കര്‍ തിരക്കഥയെഴുതുന്ന ചിത്രവുമാണ് ഇത്.

ലാളിത്യമാണ് തിരക്കഥയുടെ മുഖമുദ്ര. മൂർച്ചയേറേണ്ട അവസരങ്ങളിൽ അതിനൊട്ടും കുറവും വരുത്തിയിട്ടില്ല. രണ്ടാം പകുതിയിലെത്തുമ്പോഴാണ് ഇത് ഏറെ പ്രകടമാകുന്നത്. സംഭാഷണം കൂടുതൽ ഹൃദ്യമാകുന്നു. അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയ്ക്കപ്പുറം ചിലസമയത്ത് കുട്ടികളുടെ കൂടി ചിത്രമായും ‘ഉദാഹരണം സുജാത’ മാറുന്നു.

ക്യാമറ, സംഗീതം

ചിത്രത്തിനായി മനോഹരമായി ക്യാമറ ചലിപ്പിച്ചത് മധു നീലകണ്ഠനാണ്. കഥാപാത്രങ്ങളുടെ വൈകാരിക ചലനങ്ങൾക്കൊപ്പം തിരുവനന്തപുരം നഗരത്തിന്റെ മനോഹാരിതയും ക്യാമറയിൽ പതിയുന്നു. വൈകാരികരംഗങ്ങളിൽ പോലും ചിത്രത്തിന്റെ മറ്റെല്ലാം ഘടകങ്ങൾക്കുമൊപ്പം ദൃശ്യഭാഷയും അതിന്റെ ശക്തി പ്രകടിപ്പിക്കുന്നുണ്ട്.

ചിത്രത്തിലെ ഗാനങ്ങളും മനോഹരമാണ്. ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്ന ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. പശ്ചാത്തല സംഗീതവും ഗംഭീരമാക്കി. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ചേര്‍ന്നാണ് നിർമാണം.

സ്വപ്നം കാണേണ്ടുന്നതിനെപ്പറ്റി നമ്മുടെ മക്കളെ പഠിപ്പിക്കുന്നുണ്ട് ഈ ചിത്രം. ഓരോ വാക്കും പറയും മുൻപ് ‘അമ്മയാണ്, മറക്കരുത്’ എന്ന മുന്നറിയിപ്പും നൽകുന്നുണ്ട് പല രംഗങ്ങളും. പക്ഷേ, സുജാത ഒരിക്കലും ഒരു സാരോപദേശ ചിത്രമല്ല. കുട്ടികളെ എങ്ങനെ വളർത്തണമെന്ന ‘ശാസ്ത്രീയ’ ക്ലാസെടുപ്പുമല്ല.

ഇത് ഒരു പാവം അമ്മയും ഒരു കൊച്ചുമിടുക്കി മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ്. ഓരോ വീട്ടിലും നടക്കുന്ന കുഞ്ഞുകുഞ്ഞു കളിതമാശകളും പിണക്കങ്ങളുമൊക്കെയാണ് ചിത്രം നിറയെ. അതിനാൽത്തന്നെ പ്രേക്ഷകന് എളുപ്പത്തിൽ ഹൃദയത്തോടു ചേർത്തു നിർത്താനാകും. കുടുംബത്തോടൊപ്പം ധൈര്യമായി കാണാൻ പോകാം ഈ ചിത്രം. ഒരുപക്ഷേ, കുടുംബത്തോടൊപ്പം കണ്ടാലേ ഈ ചിത്രത്തിന്റെ കാഴ്ച പൂർണമാവുകയുള്ളൂ…

by: വിനോദ് ശശിധരൻ
കടപ്പാട് : മനോരമ ഓൺലൈൻ

About prakriti_htvm

Check Also

idsffk_hello_trivandrum

International Documentary and Short Film Festival of Kerala IDSFFK 2024

Excitement is building as the delegate registration for the 16th International Documentary and Short Film …

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.