കേരളത്തിന്റെ സര്‍വ്വതോന്‍മുഖമായ വികസനത്തില്‍ പ്രധാന പങ്കുവഹിയ്ക്കുന്ന പ്രവാസി മലയാളികളുടെ ഒത്തു ചേരലിനും അഭിവൃദ്ധിയ്ക്കുമായി ‘ലോക കേരള സഭ’ എന്ന വിപ്ലവകരമായ ആശയം കേരള സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുകയാണ്. ഇതിന്റെ ഭാഗമായി 2018 ജനുവരി 12,13 തീയതികളില്‍ തിരുവനന്തപുരത്ത് സര്‍ക്കാര്‍ ‘ലോക കേരള സഭാ സമ്മേളനം’ നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സന്തോഷവേളയില്‍ തലസ്ഥാന നഗരിയിലെത്തിച്ചേരുന്ന ആയിരക്കണക്കിന് പ്രവാസി മലയാളികളുടെ പങ്കാളിത്തത്തോടെ മറ്റൊരു മഹാമേളയ്ക്കും സംസ്ഥാന സര്‍ക്കാര്‍ തിരിതെളിയ്ക്കുകയാണ്. കേരളീയര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കണ്ണിന് വിരുന്നൊരുക്കി ജനുവരി 7 മുതല്‍ 14 വരെ തിരുവനന്തപുരം കനകക്കുന്നില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ‘വസന്തോത്സവം – 2018’ സംഘടിപ്പിക്കുന്നു. വസന്തോത്സവം എല്ലാ വര്‍ഷവും ഇതേ കാലയളവില്‍ തുടര്‍ച്ചയായി സംഘടിപ്പിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനം. വൈവിധ്യമാര്‍ന്ന പുഷ്പമേള, കാര്‍ഷികോത്പന്നങ്ങളുടെ പ്രദര്‍ശന-വിപണനമേള, ഔഷധ-അപൂര്‍വ്വ സസ്യങ്ങളുടെ പ്രദര്‍ശനം, ആദിവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്ച, ഭക്ഷ്യമേള, കലാപരിപാടികള്‍ എന്നിവ മേളയുടെ ഭാഗമായിരിക്കും. കനകക്കുന്ന് കൊട്ടാരവും പരിസരവും, നിശാഗന്ധി, സൃര്യകാന്തി എന്നീ വേദികളിലാവും വസന്തോത്സവം അരങ്ങേറുക.